
ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ചിക്കന്‍ വിപണി ആകെ ഇടിഞ്ഞിരിക്കുകയാണ്. പലയിടത്തും ചിക്കന്റെ റീട്ടെയില്‍ വില കുറച്ചിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഒരു കിലോ ചിക്കന് ഇപ്പോള്‍ 90 മുതല്‍ 95 രൂപവരെയാണ് ഈടാക്കുന്നത്. കൂടാതെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ചിക്കന്‍ വിഭവം തേടിയെത്തുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
ഈ സ്ഥിതി വന്നതോടെ മത്സ്യങ്ങളുടെ ഡിമാന്‍ഡ് 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍ മത്സ്യത്തിന്റെ റീട്ടെയില്‍ വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ വിവിധ മാര്‍ക്കറ്റില്‍ മത്സ്യങ്ങളുടെ വില ഇരട്ടിയില്‍ അധികം ആയിട്ടുണ്ട്.
പക്ഷിപ്പനിയെ പേടിച്ച് എല്ലാവരും മത്സ്യങ്ങളിലേക്ക് തിരിയുന്നതോടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 150 മുതല്‍ 200 വരെ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ മത്സ്യലഭ്യത കുറയാനും സാധ്യതയുണ്ട് ഈ സാഹചര്യത്തില്‍ വില വീണ്ടും ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.