
ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയ കമ്പനിയിലെ മുഴുവന്‍ ഓഹരിയും സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണെന്ന് കുമാര്‍ മംഗളം ബിര്‍ള. കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിലാണ് രാജ്യത്തെ ഏതെങ്കിലും പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് തന്റെ ഓഹരി കൈമാറാന്‍ തയാറാണെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചത്.
ജൂണ്‍ ഏഴിനാണ് ബിര്‍ള കത്തയച്ചത്. വോഡഫോണ്‍ ഐഡിയ കമ്പനിക്ക് ഏതാണ്ട് 1.8 ലക്ഷം കോടിയുടെ കടമുണ്ട്. ഇതില്‍ സ്‌പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലേക്ക് അടക്കേണ്ട കുടിശിക കൂടി ഉള്‍പ്പെടും. 25000 കോടി രൂപ സമാഹരിക്കാന്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയില്ലാത്തതിനാല്‍ നിക്ഷേപകരാരും തയ്യാറായിരുന്നില്ല.
കമ്പനിയുടെ നിയന്ത്രണാധികാരം തന്നെ കൈമാറാനുള്ള ഓഫറാണ് ബിര്‍ള കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ ഉപഭോക്താക്കളായ 27 കോടി ഇന്ത്യാക്കാരുടെ താത്പര്യം പരിഗണിച്ചുള്ളതാണെന്നും, പൊതുമേഖലയിലുള്ളതോ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ ആയ ഏതെങ്കിലും ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് തന്റെ മുഴുവന്‍ ഓഹരിയും കൈമാറാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ ഏതാണ്ട് 27 ശതമാനം ഓഹരിയാണ് ബിര്‍ളയ്ക്കുള്ളത്. വോഡഫോണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 44 ശതമാനം ഓഹരികളുണ്ട്. 24000 കോടിയാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ഇപ്പോഴത്തെ വിപണി മൂല്യം.