ഹര്‍ഷ് വര്‍ധന്‍ ലോധയെ ബിര്‍ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച് ഡിവിഷന്‍ ബെഞ്ച്

October 03, 2020 |
|
News

                  ഹര്‍ഷ് വര്‍ധന്‍ ലോധയെ ബിര്‍ള ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച് ഡിവിഷന്‍ ബെഞ്ച്

ഹര്‍ഷ് വര്‍ധന്‍ ലോധയെ എം.പി ബിര്‍ള ഗ്രൂപ്പിലെ എല്ലാ പദവികളില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത്. കേസില്‍ കനത്ത തിരിച്ചടിയാണ് ലോധക്കുണ്ടായിരിക്കുന്നതെന്ന് ബിര്‍ള ഗ്രൂപ്പ് പ്രതികരിച്ചു.

മാധവ് പ്രസാദ് ബിര്‍ള എന്ന എം പി ബിര്‍ളയുടേയും പ്രിയംവദ ദേവി ബിര്‍ളയുടേയും വില്‍പത്രം സംബന്ധിച്ച പ്രമാദമായ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇരുവരുടേയും സമ്പത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നീക്കിവെച്ചിട്ടുള്ളത്. ഇതു നടപ്പാക്കാന്‍ 2004ല്‍ ബിര്‍ളമാര്‍ ഒരുങ്ങിയതോടെ മറ്റൊരു വില്‍പത്രവുമായി ലോധ രംഗത്തെത്തുകയായിരുന്നു. പ്രിയംവദ ദേവി ബിര്‍ളയുടേതെന്നവകാശപ്പെട്ട ഈ വില്‍പത്രത്തില്‍ അവരുടെ സ്വത്തിന്റെ നടത്തിപ്പു ചുമതല ആര്‍.എസ് ലോധയ്ക്കാണെന്നാണ് കാണിച്ചിരുന്നത്.

2012ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ബിര്‍ളമാരുടെ സ്വത്തുക്കളുടെ നടത്തിപ്പിനും കൈകാര്യത്തിനുമായി റിട്ടയേഡ് സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരുകമ്മിറ്റിയെ നിയമിച്ചു. നിയമ നടപടികളുടെ കാലതാമസത്തിനിടെ ഹര്‍ഷ് വര്‍ധന്‍ ലോധ എം.പി ബിര്‍ള ഗ്രൂപ്പിന്റെ തലപ്പത്ത് സ്വയം അവരോധിക്കുകയായിരുന്നു.

2019ല്‍ വിന്ധ്യാ ടെലി ലിങ്ക്‌സ് ലിമിറ്റഡിന്റേയും ബിര്‍ള കേബിള്‍ ലിമിറ്റഡിന്റേയും ഡയറക്ടറായി ഇയാളെ  വീണ്ടും നിയമിക്കാനുള്ളശ്രമം കമ്മിറ്റി തടഞ്ഞു. ബിര്‍ള കോര്‍പ്പറേഷന്‍  ലിമിറ്റഡിലും യൂനിവേഴ്‌സല്‍ കേബിള്‍ ലിമിറ്റഡിലും ഡയറക്ടര്‍ സ്ഥാനത്തു പുനര്‍ നിയമനം നേടാനുള്ള ലോധയുടെ ശ്രമം ഈ വര്‍ഷവും കമ്മിറ്റി തടയുകയുണ്ടായി.

കോടതി നിയമിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം ലോധ തടസപ്പെടുത്തുന്നതായി പരാതിപ്പെട്ടുകൊണ്ട് 2019 ലാണ് ബിര്‍ളമാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. ഒരു വര്‍ഷംനീണ്ട വാദംകേള്‍ക്കലിനുശേഷം സിംഗിള്‍ ബെഞ്ച്  ബിര്‍ളമാരുടെ വാദം ശരിവെക്കുകയും ലോധ ഫയല്‍ചെയ്ത ഹരജികള്‍ തള്ളിക്കൊണ്ട് വിധി പ്രസ്താവിക്കുകയും ചെയ്തു.  

ഈവര്‍ഷം സെപ്റ്റംബര്‍ 18നു പ്രഖ്യാപിച്ച 160 പേജുള്ള വിധി ന്യായം ബിര്‍ള ഗ്രൂപ്പില്‍ ഹര്‍ഷ് വര്‍ധന്‍ ലോധയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ ഈ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  ലോധ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച ഹരജിയാണിപ്പോള്‍ തള്ളിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ലോധ ഇതോടെ ബിര്‍ള ഗ്രൂപ്പില്‍ നിന്നും പൂര്‍ണമായും പുറത്താകും.

Related Articles

© 2025 Financial Views. All Rights Reserved