
ക്രിപ്‌റ്റോകറന്‍സി വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഏറ്റവുമധികം മാര്‍ക്കറ്റ് കാപിറ്റലൈസേഷനുള്ള ബിറ്റ്‌കോയിന്‍ 44,000 ഡോളറില്‍ താഴെയായി. ഡിസംബറിലെ ഫ്ളാഷ് ക്രാഷിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ബിറ്റ്കോയിന്‍ ഇടിഞ്ഞത്. ഏകദേശം 7 ശതമാനം കുറഞ്ഞ് 43,028.00 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ഏറെ ചാഞ്ചാട്ടത്തിന് പേരുകേട്ട ബിറ്റ്കോയിന്‍,നവംബര്‍ ആദ്യം ഏകദേശം 69,000 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. അതിനുശേഷം 25,000-ലധികം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയും ബ്ലോക്ക്‌ചെയിനുമായി ബന്ധിപ്പിച്ചിട്ടുള്ള നാണയവുമായ ഈഥറും 8 ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞ് 3,494 ഡോളറിലേക്ക് പതിച്ചു.
കോയിന്‍ ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡോഷ്‌കോയിന്‍ വിലകള്‍ ഏകദേശം 6 ശതമാനം ഇടിഞ്ഞ് 0.15 ഡോളര്‍ ആയി. ഷിബ ഇനു 7 ശതമാനം കുറഞ്ഞ് 0.000030 ഡോളറായപ്പോള്‍ ബിനാന്‍സ് കോയിന്‍ 7 ശതമാനം ഇടിഞ്ഞ് 476 ഡോളറിലെത്തി. അതേസമയം, സോളാന, പോളിഗോണ്‍, യൂണിസ്വാപ്പ്, സ്റ്റെല്ലാര്‍, കാര്‍ഡാനോ, എക്സ്ആര്‍പി, ടെതര്‍, ലിറ്റ്കോയിന്‍ തുടങ്ങിയ മറ്റ് ഡിജിറ്റല്‍ ടോക്കണുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5-7 ശതമാനം പരിധിയില്‍ ഇടിവ് രേഖപ്പെടുത്തി. ആഗോള ക്രിപ്‌റ്റോ വിപണി മൂലധനം 6 ശതമാനം ഇടിഞ്ഞ് 2.22 ട്രില്യണ്‍ ഡോളറിലെത്തി.