
ബിറ്റ്കോയിന്‍ വില സര്‍വകാല റെക്കോര്‍ഡില്‍. വ്യാഴാഴ്ച്ച മാസ്റ്റര്‍കാര്‍ഡും ബാങ്ക് ഓഫ് ന്യൂയോര്‍ക്കും ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ ലളിതമാക്കിയ പശ്ചാത്തലത്തില്‍ ബിറ്റ്കോയിന്‍ മൂല്യം 7.4 ശതമാനം വര്‍ധിച്ചു. നിലവില്‍ ഒരു ബിറ്റ്കോയിന് 48,364 ഡോളറാണ് ഇന്റര്‍നെറ്റ് ലോകത്ത് വില. അതായത് ഇന്ത്യയിലിരുന്ന് ബിറ്റ്കോയിന്‍ വാങ്ങണമെന്ന് വെച്ചാല്‍ യൂണിറ്റൊന്നിന് 35.19 ലക്ഷം രൂപ മുടക്കണം.
1.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബിറ്റ്കോയിനുകള്‍ വാങ്ങിയെന്ന അമേരിക്കന്‍ വൈദ്യുത കാര്‍ കമ്പനിയായ ടെസ്ലയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച്ച ചരിത്രത്തില്‍ ആദ്യമായി ബിറ്റ്കോയിന്‍ മൂല്യം 47,000 ഡോളര്‍ പിന്നിട്ടിരുന്നു. ഈ റെക്കോര്‍ഡാണ് മൂന്നു ദിവസങ്ങള്‍ക്കിപ്പുറം വീണ്ടും തിരുത്തപ്പെട്ടത്.
ബിറ്റ്കോയിന്റെ കുതിപ്പ് മുന്‍നിര്‍ത്തി വിശാല ബ്ലൂംബര്‍ഗ് ഗാലക്സി ക്രിപ്റ്റോ സൂചികയും റെക്കോര്‍ഡ് മുന്നേറ്റം കാഴ്ച്ചവെക്കുകയാണ്. നിലവില്‍ ക്രിപ്റ്റോ കാര്‍ഡ് പുറത്തിറക്കുന്ന വൈറക്സ്, ബിറ്റ്പേ മുതലായ കമ്പനികളുമായി മാസ്റ്റര്‍കാര്‍ഡ് സഹകരണം പ്രഖ്യാപിച്ചുകഴിഞ്ഞു. ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ മാസ്റ്റര്‍കാര്‍ഡിന്റെ നെറ്റ്വര്‍ക്കിലും നടക്കും. എന്നാല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കറന്‍സികള്‍ വീണ്ടും പുനര്‍വിതരണം ചെയ്യാന്‍ സാധിക്കാത്ത വിധം ടെണ്ടര്‍ ചെയ്യണമെന്ന് ക്രിപ്റ്റോ കാര്‍ഡ് കമ്പനികള്‍ക്ക് മാസ്റ്റര്‍കാര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടണ്ട്.
സ്ഥാപന ഉപഭോക്താക്കള്‍ക്കായി ക്രിപ്റ്റോകറന്‍സികള്‍ ലഭ്യമാക്കുമെന്നാണ് ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതല്‍ ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ അക്കൗണ്ടുകളില്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് സഹായിക്കും.
ടെസ്ലാ മേധാവിയും ലോകത്തെ ഏറ്റവും അതിസമ്പന്നനുമായ ഇലോണ്‍ മസ്‌ക് ബിറ്റ്കോയിനില്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ക്രിപ്റ്റോകറന്‍സികള്‍ അതിവേഗ കുതിപ്പിന് തുടക്കമിട്ടത്. എന്നാല്‍ ബിറ്റ്കോയിനെന്ന 'കുമിള' വൈകാതെ പൊട്ടുമെന്ന് ഒരുവിഭാഗം സാമ്പത്തിക നിരീക്ഷകര്‍ ഉറച്ചിച്ചു പറയുന്നു.
പുതിയ സാഹചര്യത്തില്‍ പ്രശസ്ത സമൂഹമാധ്യമമായ ട്വിറ്ററും ബിറ്റ്കോയിന്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. ഇടപാടുകള്‍ ക്രിപ്റ്റോകറന്‍സിയില്‍ മതിയെന്ന് ജീവനക്കാരും ബിസിനസ് പങ്കാളികളും ആവശ്യപ്പെടുന്ന ചിത്രം ട്വിറ്റര്‍ ഇപ്പോഴേ മനസില്‍ കണ്ടുകഴിഞ്ഞു. ബാലന്‍സ് ഷീറ്റില്‍ ഡിജിറ്റല്‍ അസറ്റുകള്‍ വേണമോ എന്ന ചിന്ത ആരംഭിച്ചതായി ട്വിറ്റര്‍ സിഎഫ്ഓ നെഡ് സെഗര്‍ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.
യൂബറിനുമുണ്ട് സമാനായ ചിന്ത. എന്നാല്‍ പണം കൊടുത്ത് ബിറ്റ്കോയിന്‍ വാങ്ങുന്നതിനെ കുറിച്ച് കമ്പനിക്ക് ആലോചനയില്ല. എന്നാല്‍ കാലക്രമേണ ബിറ്റ്കോയിന്‍ രൂപത്തില്‍ പണമിടപാടുകള്‍ അംഗീകരിക്കുമെന്ന് യൂബര്‍ സിഇഓ ഡാര കോസ്രോഷാഹി സിഎന്‍ബിസിയോട് പറഞ്ഞു.
ഇതേസമയം, ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാനുള്ള ഒരുക്കത്തിലാണ്. വൈകാതെ ക്രിപ്റ്റോകറന്‍സികള്‍ നിരോധിച്ചുള്ള ഡിജിറ്റല്‍ കറന്‍സി ബില്‍ ക്യാബിനറ്റില്‍ അവതരിപ്പിക്കപ്പെടും. ബിറ്റ്കോയിന്‍, ഡോഗികോയിന്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പകരം റിസര്‍വ് ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ കറന്‍സിക്ക് അംഗീകാരം നല്‍കാനുള്ള പുറപ്പാടിലാണ് ഇന്ത്യാ സര്‍ക്കാര്‍.