ക്രിപ്റ്റോ വിപണി നേട്ടത്തില്‍; ബിറ്റ്കോയിന്‍ 47,000 ഡോളര്‍ തൊട്ടു

August 14, 2021 |
|
News

                  ക്രിപ്റ്റോ വിപണി നേട്ടത്തില്‍;  ബിറ്റ്കോയിന്‍ 47,000 ഡോളര്‍ തൊട്ടു

ന്യൂഡല്‍ഹി: ക്രിപ്റ്റോ വിപണി നേട്ടത്തിലാണ് ശനിയാഴ്ച്ച വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ക്രിപ്റ്റോ കറന്‍സികളുടെ മൊത്തം വിപണി മൂല്യം 4.33 ശതമാനം വര്‍ധിച്ച് 2 ലക്ഷം കോടി ഡോളറിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 108.12 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയ്ക്കും വിപണി സാക്ഷിയായി (4.16 ശതമാനം വര്‍ധനവ്). മൊത്തം വില്‍പ്പനയുടെ 77.51 ശതമാനം സ്ഥിരതയാര്‍ന്ന കോയിനുകളുടെ സംഭാവനയാണ്. 83.80 ബില്യണ്‍ ഡോളര്‍ വരുമിത്.

ശനിയാഴ്ച്ച 47,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന്‍ ചുവടുവെയ്ക്കുന്നത്. നിലവില്‍ ക്രിപ്റ്റോ വിപണിയില്‍ 44.62 ശതമാനം ആധിക്യം ബിറ്റ്കോയിനുണ്ട്. ലോകത്തെ പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ പട്ടികയില്‍ എക്സ്ആര്‍പിയാണ് ഇന്ന് കാര്യമായ മുന്നേറ്റം നടത്തുന്നത്. 13 ശതമാനം നേട്ടം എക്സ്ആര്‍പി കോയിനുകള്‍ കുറിക്കുന്നു. 9 ശതമാനം ഉയര്‍ച്ചയുമായി കാര്‍ഡാനോയും 7 ശതമാനം ഉയര്‍ച്ചയുമായി ഡോജ്കോയിനും തൊട്ടുപിന്നിലുണ്ട്. ബിറ്റ്കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ക്രിപ്റ്റോകറന്‍സിയായ ഈഥര്‍ 2 ശതമാനമാണ് ഇന്ന് മുന്നേറുന്നത്. മറുഭാഗത്ത് യുണിസ്വാപ്പാണ് ഏറ്റവും പിന്നില്‍. വിപണി ഒന്നടങ്കം മുന്നേറുമ്പോഴും 1 ശതമാനം നേട്ടം മാത്രമാണ് യുണിസ്വാപ്പില്‍ കാണുന്നത്.

കഴിഞ്ഞ ദിവസം ലോകം കണ്ട ഏറ്റവും വലിയ ഡിജിറ്റല്‍ കോയിന്‍ കൊള്ളയ്ക്കാണ് ലോകം സാക്ഷിയായത്. ക്രിപ്റ്റോകറന്‍സി പ്ലാറ്റ്ഫോമായ പോളി നെറ്റ്വര്‍ക്കിനെ ലക്ഷ്യമാക്കി ഹാക്കര്‍മാര്‍ കൊള്ള നടത്തുകയായിരുന്നു. എന്നാല്‍ പിന്നീട് മോഷ്ടിച്ച 610 മില്യണ്‍ ഡോളറിലേറെയുള്ള കോയിനുകള്‍ ഹാക്കര്‍ സംഘം തിരിച്ചുനല്‍കി. പോളി നെറ്റ്വര്‍ക്ക് ശൃഖലയിലെ സുരക്ഷാ പാളിച്ച വെളിപ്പെടുത്തുകയായിരുന്നു കൊള്ളയിലൂടെ ഹാക്കര്‍മാര്‍.

മോഷ്ടിച്ച കോയിനുകളില്‍ 33 മില്യണ്‍ ഡോളറിന്റെ ടെതര്‍ കോയിനുകള്‍ സംഘം ഇനിയും തിരിച്ചുനല്‍കാനുണ്ട്. ക്രിപ്റ്റോകറന്‍സി സ്ഥാപനമായ ടെതര്‍ കോയിനുകള്‍ 'ഫ്രീസ്' ചെയ്തതിനെ തുടര്‍ന്നാണ് കൈമാറ്റം വൈകുന്നത്. ഓഗസ്റ്റ് 10 -നാണ് ഹാക്കര്‍മാര്‍ കോയിനുകള്‍ തിരിച്ചുനല്‍കാന്‍ ആരംഭിച്ചത്. ഇതേസമയം, ഇത്രയേറെ കോയിനുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തായിരിക്കണം ഹാക്കര്‍മാര്‍ കോയിനുകള്‍ തിരിച്ചുനല്‍കിയതെന്ന് ബ്ലോക്ക് ചെയിന്‍ വിദഗ്ധര്‍ അനുമാനിക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved