അമ്പരപ്പിക്കുന്ന കുതിപ്പിനിടെ കാലിടറി ബിറ്റ്കോയിന്‍; ചതിച്ചത് ഇലോണ്‍ മസ്‌കിന്റെ ട്വീറ്റോ?

February 23, 2021 |
|
News

                  അമ്പരപ്പിക്കുന്ന കുതിപ്പിനിടെ കാലിടറി ബിറ്റ്കോയിന്‍; ചതിച്ചത് ഇലോണ്‍ മസ്‌കിന്റെ ട്വീറ്റോ?

അമ്പരപ്പിക്കുന്ന കുതിപ്പിനിടെ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് അപ്രതീക്ഷിത വീഴ്ച്ച. ഞായറാഴ്ച്ച 58,354 ഡോളര്‍ രേഖപ്പെടുത്തിയ ബിറ്റ്കോയിന്‍ തിങ്കളാഴ്ച്ച 51,531 ഡോളറിലേക്കാണ് നിലം പതിച്ചത്. വെള്ളിയാഴ്ച്ച ബിറ്റ്കോയിന്റെ വിപണി മൂല്യം 1 ലക്ഷം കോടി ഡോളര്‍ പിന്നിട്ടിരുന്നു. നിലവില്‍ ബിറ്റ്കോയിന്‍ ഒരു യൂണിറ്റിന് 37.80 ലക്ഷം രൂപയാണ് വില. ബിറ്റ്കോയിനൊപ്പം മറ്റൊരു ക്രിപ്റ്റോകറന്‍സിയായ ഈഥറിനും വീഴ്ച്ച സംഭവിച്ചു. ശനിയാഴ്ച്ച 1,960 ഡോളര്‍ തൊട്ട ഇഥര്‍ 1,702.39 ഡോളറിലേക്ക് ഇന്ന് ചുരുങ്ങി (1.23 ലക്ഷം രൂപ).

ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ട്വീറ്റാണ് ക്രിപ്റ്റോകറന്‍സികളുടെ കുതിപ്പിന് കടിഞ്ഞാണിട്ടതെന്ന വാദം സാമ്പത്തിക ലോകത്ത് ഉയരുന്നുണ്ട്. എഥീറിയത്തിന്റെയും ബിറ്റ്കോയിന്റെയും വില കൂടുതലാണെന്ന് മസ്‌ക് ശനിയാഴ്ച്ച ട്വീറ്റ് ചെയ്യുകയായിരുന്നു. ബാര്‍ട്ടര്‍ സംവിധാനത്തിന്റെ പോരായ്മകള്‍ അകറ്റാന്‍ കണ്ടുപിടിച്ച മാര്‍ഗം മാത്രമാണ് പണമെന്ന് വിശദീകരിക്കവെയാണ് ടെസ്ലാ മേധാവി ബിറ്റ്കോയിനും ഈഥറിനും വില കൂടുതലാണെന്ന പരാമര്‍ശം നടത്തിയത്.

എന്തായാലും മസ്‌കിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ ബിറ്റ്കോയിന്‍ വില 55,000 ഡോളറിലേക്ക് തിരിച്ചെത്തി. ഇതേസമയം, മുന്‍പ് ടെസ് ലാ ഓഹരികളെ കുറിച്ചും മസ്‌ക് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയിരുന്നു. ടെസ്ലാ ഓഹരികളുടെ വില വളരെ കൂടുതലാണെന്ന് മസ്‌ക് അഭിപ്രായപ്പെട്ടതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില താഴുകയുണ്ടായി.

എന്തായാലും ബിറ്റ്കോയിനില്‍ നിന്നും ലാഭമുണ്ടാക്കാനുള്ള പുറപ്പാടിലാണ് മസ്‌കിന്റെ നേൃത്വത്തിലുള്ള ടെസ്ല. വൈദ്യുത കാര്‍ വിറ്റിട്ടുണ്ടാക്കുന്നതിലും ലാഭം ബിറ്റ്കോയിന്‍ നിക്ഷേപത്തില്‍ നിന്നും കണ്ടെത്താന്‍ കമ്പനി നീക്കങ്ങള്‍ തുടങ്ങി. ഈ വര്‍ഷം ജനുവരി 31 -ന് ശേഷം മാത്രം ബിറ്റ്കോയിന്റെ മൂല്യം 65 ശതമാനമാണ് വര്‍ധിച്ചത്. ഈ പശ്ചാത്തലം കണക്കിലെടുക്കുമ്പോള്‍ 1.5 ബില്യണ്‍ ഡോളറിന്റെ ബിറ്റ്കോയിന്‍ നിക്ഷേപത്തിലൂടെ ഏകദേശം 975 മില്യണ്‍ ഡോളര്‍ ലാഭം ടെസ്ലയുടെ കൈപ്പിടിയിലുണ്ട്.

നിലവില്‍ അമേരിക്കന്‍ വൈദ്യുത കാര്‍ നിര്‍മാതാവായ ടെസ്ല, ബഹുരാഷ്ട്ര സാമ്പത്തികകാര്യ കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് ഇന്‍കോര്‍പ്പറേഷന്‍, അമേരിക്കന്‍ നിക്ഷേപ ബാങ്കായ ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലണ്‍ കോര്‍പ്പറേഷന്‍ (ബിഎന്‍വൈ മെലണ്‍) തുടങ്ങിയവര്‍ ബിറ്റ്കോയിനില്‍ വലിയ തുക നിക്ഷേപിച്ചിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved