ബിറ്റ്കോയിന്റെ സ്വപ്നകുതിപ്പിന് കടിഞ്ഞാണ്‍; മൂല്യം 10.6 ശതമാനം ഇടിഞ്ഞു

January 22, 2021 |
|
News

                  ബിറ്റ്കോയിന്റെ സ്വപ്നകുതിപ്പിന് കടിഞ്ഞാണ്‍; മൂല്യം 10.6 ശതമാനം ഇടിഞ്ഞു

ബിറ്റ്കോയിന്റെ സ്വപ്നകുതിപ്പിന് കടിഞ്ഞാണ്‍ വീഴുകയാണ്. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം 10.6 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലാണ് ബിറ്റ്കോയിന്‍ ഇപ്പോള്‍ തുടരുന്നത്. നിലവില്‍ ബിറ്റ്കോയിന്‍ ഒന്നിന് 31,724 ഡോളറാണ് ഇന്റര്‍നെറ്റ് ലോകത്ത് വില.

ജനുവരി 8 -ന് 42,000 ഡോളര്‍ വില തൊട്ടതിന് ശേഷമാണ് ബിറ്റ്കോയിന്റെ അപ്രതീക്ഷിത തകര്‍ച്ച. രണ്ടാഴ്ച്ചക്കാലംകൊണ്ട് ഏകദേശം 27 ശതമാനത്തോളം മൂല്യം ബിറ്റ്കോയിന് നഷ്ടമായി. പ്രസിഡന്റ് ജോ ബൈഡന് കീഴിലുള്ള അമേരിക്കയിലെ പുതിയ ഭരണനേതൃത്വം ക്രിപ്റ്റോകറന്‍സികള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്. ബിറ്റ്കോയിന്റെ തകര്‍ച്ചയ്ക്ക് ഇതും കാരണമാകുന്നു.

ക്രിപ്റ്റോകറന്‍സികള്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുമെന്ന ആശങ്ക അമേരിക്കന്‍ സെനറ്റില്‍ യുഎസ് ട്രഷറി മേധാവിയായി ബൈഡന്‍ തിരഞ്ഞെടുത്ത ജാനറ്റ് യെല്ലന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. യെല്ലന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ വന്‍തോതില്‍ ബിറ്റ്കോയിന്‍ വാങ്ങവെയാണ് മൂല്യം താഴോട്ടു വീഴുന്നതെന്ന കാര്യവും ഇവിടെ ശ്രദ്ധേയം.

പോയവര്‍ഷം മാര്‍ച്ചിന് ശേഷമാണ് ബിറ്റ്‌കോയിന്‍ സാമ്പത്തികമായി വന്‍മുന്നേറ്റം നടത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം മാത്രം 700 ശതമാനത്തിലേറെ ബിറ്റ്‌കോയിന് മൂല്യം കൂടി. ഡിസംബര്‍ 16 -നാണ് 20,000 ഡോളറെന്ന നാഴികക്കല്ല് ബിറ്റ്‌കോയിന്‍ പിന്നിട്ടത്. തുടര്‍ന്ന് ജനുവരി 2 -ന് ചരിത്രത്തില്‍ ആദ്യമായി 30,000 ഡോളര്‍ വിലനിലവാരവും ബിറ്റ്‌കോയിന്‍ തൊട്ടു. ജനുവരി 8-ന് 40,000 ഡോളര്‍ നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ ബിറ്റ്‌കോയിനില്‍ വിപണി വിദഗ്ധര്‍ 'കറക്ഷന്‍' മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും വന്‍തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ബിറ്റ്‌കോയിന്‍ അപ്രതീക്ഷിതമായി വളര്‍ച്ച കൈവരിച്ചത്. അതിവേഗം നിക്ഷേപം ഇരട്ടിയാക്കാമെന്ന മോഹവുമായി ഇപ്പോള്‍ ചില്ലറ നിക്ഷേപകരും ബിറ്റ്‌കോയിനിലേക്ക് വ്യാപകമായി തിരിയുന്നുണ്ട്. വരുംഭാവിയില്‍ പ്രധാന പണമടയ്ക്കല്‍ മാര്‍ഗമായി ബിറ്റ്‌കോയിന്‍ മാറുമെന്ന് നിക്ഷേപകര്‍ കരുതുന്നു. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വലിയ രാജ്യങ്ങള്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കെല്ലാം ബിറ്റ്‌കോയിനില്‍ നിക്ഷേപമുണ്ടെന്നാണ് സൂചന.

Related Articles

© 2025 Financial Views. All Rights Reserved