
ബിറ്റ്‌കോയിന്‍ 2020ല്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 2017ല്‍ 20,000 ഡോളറിനടുത്ത് തന്നെ എത്തിയിരുന്നു. ബിറ്റ്‌കോയിന്‍ ഞായറാഴ്ച 27,000 ഡോളറിലേയ്ക്കാണ് ഉയര്‍ന്നത്. ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സില്‍ ഇന്ത്യന്‍ സമയം രാവിലെ 11:39 ന് ബിറ്റ്‌കോയിന്‍ 27,248 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ആദ്യമായി ബിറ്റ്‌കോയിന്‍ നിരക്ക് 26,000 ഡോളറിലെത്തിയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിറ്റ്‌കോയിന്‍ 11 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഡിസംബര്‍ 24ന് ബിറ്റ്‌കോയിന്‍ 24000 കടന്നു. 25 ന് 25000, 26ന് 26000, 27ന് 27000 എന്ന കൌതകകരമായ മുന്നേറ്റമാണ് ബിറ്റ്‌കോയിന്‍ കാഴ്ച്ച വയ്ക്കുന്നത്. 2010 ല്‍ വെറും ഒരു ഡോളറില്‍ താഴെ വിലയുള്ള ബിറ്റ്‌കോയിന്‍ 10 വര്‍ഷം കൊണ്ട് വമ്പന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്.
സര്‍ക്കാരുകളുടെയോ ബാങ്കുകളുടെയോ നിയന്ത്രണത്തിന് പുറത്തുള്ള പണത്തിന്റെ ഡിജിറ്റല്‍ പതിപ്പായി പ്രവര്‍ത്തിക്കാനാണ് ക്രിപ്റ്റോകറന്‍സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലിങ്കുചെയ്തതും സ്വതന്ത്രവുമായ കമ്പ്യൂട്ടറുകളുടെ ശൃംഖലയിലാണ് ഇതിന്റെ സോഫ്‌റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കും പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും നെറ്റ്വര്‍ക്കിന്റെ ഭാഗമാകാനും കഴിയും. എന്നാല്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരു പാര്‍ട്ടിക്കും നിയന്ത്രണമില്ല.