
ആഗോള സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്സ്റ്റോണ്‍, 10.6 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന ഏകദേശം മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയായ എഎസ്‌കെ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.
യുഎസ് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് തങ്ങളുടെ സമകാലീമരായ അഡ്വെന്റ് ഇന്റര്‍നാഷണലില്‍ നിന്നും മറ്റ് വില്‍പ്പനക്കാരില്‍ നിന്നും ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു. ഒരു ഔദ്യോഗിക പ്രസ്താവന പ്രകാരം, ഇടപാടിന് ശേഷം കമ്പനി ആഭ്യന്തരമായും വിദേശത്തും സാന്നിധ്യം വിപുലീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ ആദ്യത്തെ പോര്‍ട്ട്ഫോളിയോ മാനേജര്‍മാരില്‍ ഒരാളാണ് എഎസ്‌കെ, ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇടപാടുകാരില്‍ ഇന്ത്യയിലെ ഉയര്‍ന്ന മൂല്യമുള്ള വ്യക്തികളും കുടുംബ ഓഫീസുകളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുവെന്ന് കമ്പനി പറഞ്ഞു.
ബ്ലാക്ക്സ്റ്റോണ്‍ ഇന്ത്യയില്‍ 60 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളുമാണ്. 2021 ഓഗസ്റ്റിലെ ഒരു മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച്, ബ്ലാക്ക്സ്റ്റോണ്‍ എഎസ്‌കെയുടെ 70 ശതമാനത്തിലധികം ഓഹരികള്‍ 1 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ തീരുമാനിച്ചു. കൂടാതെ അഡ്വെന്റിന് കമ്പനിയില്‍ 40 ശതമാനം ഉടമസ്ഥതയുമുണ്ട്. ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി 2021 ഡിസംബറില്‍, ബ്ലാക്ക്സ്റ്റോണ്‍ കമ്പനിയുടെ 71 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത ഇടപാടിന് അംഗീകാരം നല്‍കിയിരുന്നു. നേരത്തെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയും ലഭിച്ചിരുന്നു.