
ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ നോട്ട് അച്ചടിക്കണമെന്ന് രാജ്യത്തെ പ്രമുഖ ബാങ്ക് മേധാവി ഉദയ് കൊടാക്. രണ്ട് രീതിയിലാണ് ഈ പണം വിനിയോഗിക്കേണ്ടത്. ഒന്ന് രാജ്യത്തെ അടിസ്ഥാന മേഖലയെയും ജനവിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്നതിനും മറ്റൊന്ന് കൊറോണ കാരണം ജോലി നഷ്ടമായ മേഖലയുടെ സംരക്ഷണത്തിനുമാണ് എന്ന് കോടാക് മഹീന്ദ്ര ബാങ്ക് മേധാവി എന്‍ഡിടിവിയുമായി സംവദിക്കവെ വിശദീകരിച്ചു.
ആര്‍ബിഐയുടെ സഹായത്തോടെ കൂടുതല്‍ ധന വിനിയോഗം ആവശ്യമുള്ള സമയമാണിത്. സര്‍ക്കാരിന്റെ ബാലന്‍സ് ഷീട്ട് വിപുലമാക്കണം. ഈ വേളയിലാണ് കൂടുതല്‍ നോട്ടടിക്കേണ്ടത്. പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ജിഡിപിയുടെ ഒരു ശതമാനം ഇതിനായി മാറ്റിവെക്കണം. അതായത് ഒരു ലക്ഷം കോടി മുതല്‍ രണ്ടു ലക്ഷം കോടി രൂപ വരെ. അടിസ്ഥാന ജനവിഭാഗങ്ങളുടെ കൈവശം പണം എത്തുമ്പോള്‍ ഉപഭോഗം വര്‍ധിക്കുകയും സാമ്പത്തിക മേഖല പതിയെ സജീവമാകുകയും ചെയ്യും. ദരിദ്രരില്‍ ദരിദ്രരായ ജനങ്ങള്‍ക്ക് ചികില്‍സാ നേട്ടങ്ങള്‍ അനുവദിക്കണമെന്നും ഉദയ് കോടാക് പറഞ്ഞു.
ബിസിനസുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് കൊറോണ പ്രതിസന്ധിയെ പതിയെ അതിജീവിക്കുന്ന ബിസിനസുകള്‍. മറ്റൊന്ന് ഘടനാപരമായി വെല്ലുവിളി നേരിടുന്ന ബിസിനസുകള്‍. രണ്ടാമത്തെ ബിസിനസുകള്‍ അതിജീവിക്കാന്‍ പ്രയാസമാണ്. കാരണം കൊറോണ കാരണം ഇവരുടെ മേഖല പാടേ മാറിയിരിക്കുന്നു. ആദ്യത്തെ ബിസിനസുകള്‍ പരിപോഷിപ്പിക്കുന്നതിന് സഹായം നല്‍കണം. കാരണം പിന്തുണ ലഭിച്ചാല്‍ അതിജീവിക്കുന്നവയാണ് അവ. രണ്ടാമത്തെ മേഖലക്ക് അതിജീവനം അസാധ്യമാണ്. അവിടെ പ്രവര്‍ത്തിച്ചിരുന്നവരെ സഹായിക്കാന്‍ പദ്ധതി ഒരുക്കാം. ബാങ്ക് വഴി ബിസിനസുകള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ നേരത്തെ തുടക്കമിട്ടിരുന്നു. ഇത് മൂന്ന് ലക്ഷം കോടിയില്‍ നിന്ന് അഞ്ച് ലക്ഷം കോടിയാക്കി ഉയര്‍ത്തണമെന്നും ഉദയ് കോടാക് അഭിപ്രായപ്പെട്ടു.