
വഡോദര: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 2020-2021 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. നാലാം പാദത്തില്‍ ബാങ്കിന്റെ ഒറ്റയ്ക്കുള്ള മൊത്ത നഷ്ടം 1,046.5 കോടി രൂപയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ഇത് ബാങ്കിന്റെ ഓഹരി മൂല്യത്തെ ബാധിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഇതേ സമയം ബാങ്ക് ലാഭത്തിലായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 506 കോടിയായിരുന്നു ലാഭം. തൊട്ടുമുമ്പത്തെ പാദത്തില്‍ 1,061 കോടി രൂപയുടെ ലാഭവും ബാങ്ക് ഓഫ് ബറോഡ നേടിയിരുന്നു. 2018 ലെ ബാങ്ക് ലയനത്തോടെ ആയിരുന്നു ബാങ്ക് ഓഫ് ബറോഡ കൂടുതല്‍ വികസിച്ചത്. തുടര്‍ന്ന് മികച്ച ലാഭത്തിലായിരുന്നു ബാങ്കിന്റെ മുന്നോട്ട് പോക്ക്.
മൊത്ത പലിശ വരുമാനത്തില്‍ (നെറ്റ് ഇന്ററസ്റ്റ് ഇന്‍കം) നാല് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 6,798.4 കോടി രൂപയായിരുന്നു. ഇതിപ്പോള്‍ 7,107 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മൊത്ത ആസ്തി ഗുണത്തില്‍ കുറവ് വന്നു എന്നതാണ് മറ്റൊരു കാര്യം. നിഷ്‌ക്രിയ ആസ്തികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തേക്കാള്‍ വര്ഡദ്ധിച്ചു. 8.48 ശതമാനത്തില്‍ 8.87 ശതമാനം ആയിട്ടാണ് വര്‍ദ്ധിച്ചത്. മൊത്ത നിഷ്‌ക്രിയ ആസ്തി മൂന്നാം പാദത്തിലേക്കാള്‍ കൂടിയിട്ടുണ്ട്. 2.39 ശതമാനത്തില്‍ നിന്ന് 3.09 ശതമാനം ആയാണ് കൂടിയത്.
എന്തായാലും നിലവിലെ സ്ഥിതിയില്‍ ബാങ്കിന്റെ മൂലധനം 5000 കോടി വരെ അധികമായി ഉയര്‍ത്തുന്നതിന് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. 2000 കോടി രൂപ കോമണ്‍ ഇക്വിറ്റി ക്യാപിറ്റല്‍ ആയിരിക്കും. ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ്) തുടങ്ങിയ വഴികളിലൂടെ ആയിരിക്കും ഇത് സമാഹരിക്കുക.
1908 ല്‍ ആയിരുന്നു ബാങ്ക് ഓഫ് ബറോഡ സ്ഥാപിതമായത്. മഹാരാജ സയാജിറാവു ഗെയ്ക്ക് വാദ് ആണ് സ്ഥാപകന്‍. രണ്ട് വര്‍ഷത്തിന് ശേഷം ആണ് അഹമ്മദാബാദില്‍ ആദ്യ ബ്രാഞ്ച് സ്ഥാപിക്കുന്നത്. 1953 ല്‍ ആദ്യമായി കെനിയയിലും ഉഗാണ്ടയിലും ബ്രാഞ്ചുകള്‍ സ്ഥാപിതമായി. 2018 ലെ ബാങ്ക് ലയനത്തോടെ ആണ് ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് ആയി മാറിയത്. വിജയ ബാങ്കും ദേന ബാങ്കും ആയിരുന്നു അന്ന് ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചത്. 132 ദശലക്ഷം ഉപഭോക്താക്കളുണ്ട് ഇന്ന് ബാങ്ക് ഓഫ് ബറോഡയ്ക്ക്.