സിനിമാ വ്യവസായത്തിന് പ്രതീക്ഷ; 1,000 കോടി രൂപയുടെ നിര്‍മാണക്കരാര്‍

September 14, 2021 |
|
News

                  സിനിമാ വ്യവസായത്തിന് പ്രതീക്ഷ; 1,000 കോടി രൂപയുടെ നിര്‍മാണക്കരാര്‍

മുംബൈ: സിനിമാ വ്യവസായത്തിന് പ്രതീക്ഷ നല്‍കി ബോളിവുഡ്. കോവിഡിനെത്തുടര്‍ന്ന് നഷ്ടം മാത്രം ബാക്കിയായ സിനിമാ വ്യവസായത്തിന് പ്രതീക്ഷ നല്‍കി ബോളിവുഡില്‍ 1,000 കോടി രൂപയുടെ നിര്‍മാണക്കരാര്‍. റെക്കോഡിങ് രംഗത്ത് ബോളിവുഡില്‍ പ്രശസ്തരായ ടി-സീരീസും അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് മൂന്നുവര്‍ഷം കൊണ്ട് പത്തിലധികം സിനിമകള്‍ നിര്‍മിക്കാനാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഈ രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്.

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ പ്രതീക്ഷയില്‍ സിനിമാമേഖലയുടെ തിരിച്ചുവരവിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് കരാറുണ്ടാക്കിയിരിക്കുന്നതെന്ന് ടി-സീരീസ് സി.എം.ഡി. ഭൂഷണ്‍ കുമാര്‍ പറഞ്ഞു. ആക്ഷന്‍ ത്രില്ലര്‍, പ്രമുഖ വ്യക്തികളുടെ ജീവിതകഥകള്‍, ഡ്രാമ, കോമഡി എന്നിങ്ങനെ വിവിധ തരത്തിലുള്ള സിനിമകളാണ് ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം ആദ്യത്തോടെ ഇതില്‍ ചിലത് റിലീസ് ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നു.

ലോക്ഡൗണിന്റെയും കോവിഡ് നിയന്ത്രണങ്ങളുടെയും ഭാഗമായി തിയേറ്ററുകള്‍ അടച്ചതിനാല്‍ ഈ രംഗത്തെ നിക്ഷേപം നിലച്ചുകിടക്കുകയാണ്. ഡിജിറ്റല്‍ സ്ട്രീമിങ്ങിലൂടെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും വലിയ ബജറ്റ് ആവശ്യമായ ചിത്രങ്ങള്‍ ഇതുവഴി ലാഭകരമാകില്ലെന്ന് ഭൂഷണ്‍ കുമാര്‍ സൂചിപ്പിച്ചു. രാജ്യത്ത് സിനിമാ മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന മഹാരാഷ്ട്രയില്‍ ഇപ്പോഴും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് തിരിച്ചടിയാണ്. ഹിന്ദി സിനിമകളുടെ വരുമാനത്തിന്റെ 30 മുതല്‍ 50 ശതമാനംവരെയാണ് മഹാരാഷ്ട്രയില്‍നിന്നു മാത്രം ലഭിക്കുന്നത്. തുടര്‍ച്ചയായി തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതുവഴി മാസം 400 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അറിയിച്ചു. ദീപാവലിയോടെ തിയേറ്ററുകള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ വ്യവസായമിപ്പോള്‍.

Related Articles

© 2024 Financial Views. All Rights Reserved