റെയില്‍വെയുടെ സ്വകാര്യവത്കരണ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് 16 കമ്പനികള്‍ രംഗത്ത്

July 22, 2020 |
|
News

                  റെയില്‍വെയുടെ സ്വകാര്യവത്കരണ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് 16 കമ്പനികള്‍ രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയുടെ 30000 കോടിയുടെ സ്വകാര്യവത്കരണ പദ്ധതിക്ക് മികച്ച പ്രതികരണം. 16 ഓളം കമ്പനികളാണ് പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ജിഎംആര്‍ ഗ്രൂപ്പ്, സ്റ്റെര്‍ലൈറ്റ് പവര്‍, ഭാരത് ഫോര്‍ജ്, ആര്‍ഐടിഇഎസ്, സിഎഎഫ് എന്നിവര്‍ റെയില്‍വെ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഗേറ്റ്വേ റെയില്‍, ഹിന്ദ് റെക്ടിഫൈയേര്‍സ് ലിമിറ്റഡ്, വാഗണ്‍ നിര്‍മ്മാതാക്കളായ ടൈറ്റാഗഡ് വാഗണ്‍സ് എന്നിവരും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് വന്നവര്‍ തങ്ങളുടെ സംശയങ്ങള്‍ വിശദമായി ചോദിച്ചെന്നാണ് വിവരം.

റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ നിതി ആയോഗിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഏതൊക്കെ കമ്പനികളാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് റെയില്‍വെ വ്യക്തമാക്കിയിട്ടില്ല. പ്രതിനിധികളുടെ ഭാഗത്ത് നിന്ന് യോഗ്യത, ലേല നടപടി, ട്രെയിനുകളുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു.

സ്വകാര്യവത്കരണം പരിഗണിക്കുന്ന റൂട്ടുകളിലെ യാത്രാക്കരുടെ കണക്കടക്കമുള്ള വിവരങ്ങള്‍ കമ്പനികള്‍ക്ക് റെയില്‍വെ കൈമാറുമെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാവും കമ്പനികളുടെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാവുക. കമ്പനികള്‍ക്ക് ട്രെയിനുകള്‍ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്യാമെന്നും റെയില്‍വെ വ്യക്തമാക്കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved