സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം 24 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

January 05, 2022 |
|
News

                  സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം 24 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

മുംബൈ: സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം 24 മാസത്തെ ഉയര്‍ന്ന നിലവാരമായ 6.52 ശതമാനത്തിലെത്തി. പത്തുവര്‍ഷത്തെ  കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടിന്റെ ആദായത്തില്‍ ചൊവാഴ്ചമാത്രം ആറ് ബേസിസ് പോയന്റിന്റെ വര്‍ധനവാണുണ്ടായത്. രാജ്യത്തെ വര്‍ധിച്ചുവരുന്ന ധനക്കമ്മിയും ഉയര്‍ന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് ബോണ്ട് നിക്ഷേപകര്‍ ഉയര്‍ന്ന ആദായത്തില്‍ ഉറച്ചുനിന്നതാണ് വര്‍ധനവണ്ടാകാനിടയാക്കിയത്. ബോണ്ട് ആദായത്തില്‍ നാലുമാസത്തിനിടെയുണ്ടായ ഏറ്റവുംവലിയ ഏകദിന വര്‍ധനവാണിത്. 6.46 ശതമാനം ആദായത്തിലായിരുന്നു തിങ്കളാഴാച് വിപണി ക്ലോസ് ചെയ്തത്.

ബാങ്ക് ക്രഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം, പണപ്പെരുപ്പം, യുഎസ് ബോണ്ട് ആദായം എന്നിവയിലെ വര്‍ധനമൂലം കുറച്ചുമാസങ്ങളായി രാജ്യത്തെ സര്‍ക്കാര്‍ സെക്യൂരിറ്റി വിപണി സമ്മര്‍ദത്തിലാണ്. പത്ത് വര്‍ഷത്തെ യുഎസ് ട്രഷറി ആദായത്തില്‍ 2021 ജനുവരി മൂന്നിന് ഒറ്റ ദിവസം കൊണ്ടാണ് 12.5 ബേസിസ് പോയന്റിന്റെ വര്‍ധനവുണ്ടായത്. ആദായം ഒരുമാസത്തെ ഉയര്‍ന്ന നിരക്കായ 1.64 ശതമാനത്തിലെത്തുകയും ചെയ്തു. 2020 ജൂലായിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.52 ശതമാനത്തില്‍ നിന്ന് മൂന്നിരട്ടിയിലധികമാണ് വര്‍ധനവുണ്ടായത്.

ബോണ്ട് ആദായത്തിലെ വര്‍ധന രാജ്യത്തെ റീട്ടെയില്‍, കോര്‍പറേറ്റ് വായ്പാ പലിശയില്‍ വര്‍ധനവുണ്ടാക്കും. കുറഞ്ഞ പലിശ നിരക്കിലൂടെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമത്തിന് അത് തിരിച്ചടിയാകുകയും ചെയ്യും. റിസര്‍വ് ബാങ്ക് നല്‍കാന്‍ തയ്യാറായതിനേക്കാള്‍ ഉയര്‍ന്നനിലവാരത്തില്‍ നിക്ഷേപകരില്‍ നിന്ന് പ്രതികരണമുണ്ടായതിനെതുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച 17,000 കോടിയുടെ ബോണ്ടുകളുടെ ലേലം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

കടപ്പത്രങ്ങളുടെ വില അടിസ്ഥാനമാക്കിയാണ് ദ്വീതിയ വിപണിയില്‍ ആദായത്തില്‍ വ്യതിയാനമുണ്ടാകുക. ബോണ്ട് വില ഉയരുമ്പോള്‍ ആദായംകുറയുന്നു. മറിച്ചും സംഭവിക്കുന്നു. മറ്റൊരുതരത്തില്‍ വിശദമാക്കിയാല്‍, നിക്ഷേപകര്‍ നിലവിലുള്ള വരുമാനത്തില്‍ തൃപ്തരല്ലാതെവന്നാല്‍ കൈവശമുള്ള ബോണ്ടുകള്‍ വില്‍ക്കുകയും കുറഞ്ഞ ആദായത്തിലെത്തുമ്പോള്‍ വാങ്ങുകയും ചെയ്യുന്നു. 2020 ജൂലായിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 5.76ശതമാനത്തില്‍ നിന്ന് ഒരുവര്‍ഷത്തിനിടെ ബോണ്ട് ആദായത്തില്‍ 76 ബേസിസ് പോയന്റിന്റെ വര്‍ധനവാണുണ്ടായത്.

Related Articles

© 2025 Financial Views. All Rights Reserved