തമിഴ്‌നാട് ഒരു ദിവസം കൊണ്ട് വിറ്റഴിച്ചത് 164 കോടി രൂപയുടെ മദ്യം

June 16, 2021 |
|
News

                  തമിഴ്‌നാട്  ഒരു ദിവസം കൊണ്ട് വിറ്റഴിച്ചത് 164 കോടി രൂപയുടെ മദ്യം

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ (ടാസ്മാക്) ഒരു ദിവസം കൊണ്ട് 164 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വിറ്റു. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് എല്ലാ മദ്യവില്‍പ്പന ശാലകളും ബാറുകളും തുറന്നത്. ടാസ്മാക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മധുര മേഖലയില്‍ 49.54 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ചെന്നൈ മേഖലയില്‍ 42.96 കോടിയുടേയും സേലത്ത് 38.72 കോടിയുടേയും ട്രിച്ചി മേഖലയില്‍ 33.65 കോടി രൂപയുടെയും മദ്യം വിറ്റഴിച്ചിട്ടുണ്ട്. 

കോവിഡ് -19 കേസുകള്‍ കൂടുതലുള്ളതിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ പ്രദേശത്ത് വില്‍പ്പന നടന്നിട്ടില്ല. കേസുകളുടെ എണ്ണം കൂടുതലായതിനാല്‍ നീലഗിരി, ഈറോഡ്, സേലം, തിരുപ്പൂര്‍, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാവൂര്‍, നാഗപട്ടണം, മൈലാദുതുരൈ എന്നിവിടങ്ങളിലെ കടകള്‍ അടച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ 5,338 കടകളില്‍ 2,900 എണ്ണമാണ് തിങ്കളാഴ്ച വീണ്ടും തുറന്നത്.   

പട്ടാളി മക്കല്‍ കച്ചി (പിഎംകെ) യുടെ സ്ഥാപക പ്രസിഡന്റ് ഡോ. എസ്. രാംദോസ് സംസ്ഥാന സര്‍ക്കാരിനോട് മദ്യം സംബന്ധിച്ച നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.ജനങ്ങളുടെ ആരോഗ്യത്തിനായി സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യവിലക്ക് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വ്യാജ മദ്യം വ്യാപകമായതിനെത്തുടര്‍ന്നാണ് ടാസ്മാക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതെന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ അവകാശവാദങ്ങളും രാംദോസ് തള്ളി. 

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മദ്യം കടത്തുന്നത് തടയുന്നതിനു നടപടികളും സ്വീകരിക്കണം. സംസ്ഥാനത്തെ ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടി തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ മദ്യവിലക്ക് നടപ്പാക്കാന്‍ സ്റ്റാലിന്‍ ശ്രമിക്കണമെന്ന് രാംദോസ് പ്രസ്താവനയില്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

Related Articles

© 2025 Financial Views. All Rights Reserved