
വായ്പാ മോറട്ടോറിയം സ്വമേധയാ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം ലോക്ക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും നീങ്ങിയതോടെ വര്‍ദ്ധിച്ചു വരുന്നതായി ബാങ്കുകള്‍. ഭവന വായ്പ ഉപഭോക്താക്കളില്‍ 80 ശതമാനവും മൊറട്ടോറിയം ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിയുമെങ്കില്‍ മോറട്ടോറിയം സൗകര്യം ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധരും ബാങ്കുകളും വായ്പക്കാരെ ഉപദേശിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എസ് എസ് മല്ലികാര്‍ജുന റാവു പറയുന്നതനുസരിച്ച് വായ്പക്കാരില്‍ 30 ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയം സൗകര്യം ഉപയോഗിച്ചത്. 70 ശതമാനം പേര്‍ ഇ എം ഐ തിരിച്ചടവ് തുടരുന്നുണ്ട്.എല്ലാ ഉപഭോക്താക്കള്‍ക്കും ലോണ്‍ മൊറട്ടോറിയം ലഭ്യമാക്കാനുള്ള ഓപ്ഷന്‍ നല്‍കിയിരുന്നെങ്കിലും ഉപയോഗിച്ച ഒട്ടേറെ ഉപഭോക്താക്കള്‍ കഴിഞ്ഞ മാസത്തിന്റെ രണ്ടാം പകുതി മുതല്‍ ഇത് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പല ബാങ്കുകളിലെയും ഉന്നതോദ്യാഗസ്ഥര്‍ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളിലായി ആര്‍ ബി ഐ എല്ലാ വായ്പകള്‍ക്കും ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. പെട്ടന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ആറ് മാസം ഇ എം ഐ അടയ്ക്കാതെ നീട്ടി വയ്ക്കുക എന്നതാണ് അതുകൊണ്ട് ഉദേശിച്ചത്. ഭവന-വാഹന-വ്യക്തിഗത വായ്പകള്‍ക്കെല്ലാം ഈ സാധ്യതകള്‍ ഉപയോഗിക്കപ്പെട്ടു.മാര്‍ച്ച് മുതല്‍ ആറു മാസം തവണ അടവ് ഒഴിവായതോടെ പലരുടെയും സാമ്പത്തിക പ്രയാസങ്ങള്‍ ഒരു പരിധി വരെ താത്കാലികമായി പരിഹരിക്കപ്പെടുകയും ചെയ്തു.അതേസമയം, എംഎസ്എംഇ വിഭാഗത്തില്‍ കഥ വ്യത്യസ്തമാണെന്നും മോറട്ടോറിയം നീട്ടിക്കിട്ടേണ്ട അവസ്ഥയാണ് അവിടെയെന്നും ബാങ്ക് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ മുതല്‍ രാജ്യം അണ്‍ലോക്ക് 1.0 പ്രകാരം സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാന്‍ തുടങ്ങി. ഓഗസ്റ്റ് വരെ മൊറട്ടോറിയം ലഭ്യമാണെങ്കിലും പതുക്കെ ഉപഭോക്താക്കള്‍ തിരിച്ചെത്തി അവരുടെ തവണകള്‍ അടയ്ക്കുകയാണെന്ന് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ആര്‍ ബാസ്‌കര്‍ ബാബു പറഞ്ഞു.ആദ്യം 54 ശതമാനം ഉപഭോക്താക്കളും മൊറട്ടോറിയം ഉപയോഗിച്ചിരുന്നു. പക്ഷേ, ആത്മവിശ്വാസം തിരികെ വരുന്നതിനാല്‍ ഈ മാസം ഇനിയും ശതമാനം കുറയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ക്രെഡിറ്റ് സ്‌കോര്‍ താഴാതിരിക്കാന്‍ മിക്കവരും ശ്രദ്ധിക്കുന്നു.
ഇ എം ഐ മോറട്ടോറിയം സാധ്യത ഉപയോഗിക്കാത്തവര്‍ക്ക് പ്രത്യേക പരിഗണന പിന്നീട് വായ്പ എടുക്കുമ്പോള്‍ ബാങ്കുകള്‍ നല്‍കിയേക്കുമെന്ന ധാരണ പൊതുവേയുണ്ട്.വായ്പ മോറട്ടോറിയം സ്വീകരിച്ച ഒരാള്‍ പുതിയ വായ്പയ്ക്ക്് അപേക്ഷിക്കുന്നത് ക്രെഡിറ്റ് പ്രൊഫൈലില്‍ നെഗറ്റീവ് ഫലമുണ്ടാക്കും. വായ്പ എടുത്തവര്‍ മോറട്ടോറിയം സാധ്യത സ്വീകരിച്ചാലും ക്രെഡിറ്റ് സ്‌കോറില്‍ കുറവ് വരുത്തരുതെന്ന് ആര്‍ ബി ഐ നിര്‍ദേശിച്ചിട്ടുണ്ട്. മോറട്ടോറിയം തീരുന്ന ഓഗസ്റ്റ് 31ന് ശേഷവും മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടത് വീണ്ടും വായ്പ എടുക്കുന്നതിനാവശ്യമാണ്. ക്രെഡിറ്റ് സ്‌കോര്‍ കുറയാതിരിക്കാന്‍, മോറട്ടോറിയം കഴിയുന്നതോടെ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടച്ച് തീര്‍ക്കേണ്ടി വരും. നിലവിലെ വായ്പ പ്രതിസന്ധിയില്ലാതെ തിരിച്ചടയ്ക്കാന്‍ കഴിയാത്ത കസ്റ്റമര്‍ എന്ന് ബാങ്കുകള്‍ വിലയിരുത്തുന്നത് പിന്നീടു ബുദ്ധിമുട്ടിനിടയാക്കും.