
ഇന്ത്യയുടെ എതിര്‍പ്പു മറികടന്ന് നേപ്പാള്‍ സര്‍ക്കാര്‍ ഭൂപടം മാറ്റിയതിന്റെ തിരിച്ചടിയേറ്റ് ബാബാ രാംദേവിന്റെ പതഞ്ജലി. പതഞ്ജലിയുടെ 90 ശതമാനം ഓഹരിയും സ്വന്തമായുള്ള സിഇഒ ബാലകൃഷ്ണ നേപ്പാള്‍ സ്വദേശിയാണെന്നതിന്റെ പേരില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ 'ബോയ്‌ക്കോട്ട് പതഞ്ജലി ' എന്ന ഹാഷ് ടാഗിലുള്ള പ്രചരണം തീവ്രമായിട്ടുണ്ട്.
നേപ്പാള്‍ പാര്‍ലമെന്റ് ഭൂപടം മാറ്റിയത് അംഗീകരിച്ചതിന് ശേഷം പതഞ്ജലിക്കെതിരെ പല ദിശയില്‍ നിന്നും ആക്രമണം നടക്കുന്നതായി ബാലകൃഷ്ണ ആരോപിക്കുന്നു. കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് പതഞ്ജലി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ബാലകൃഷ്ണ കുറ്റപ്പെടുത്തി. ഇന്ത്യയിലെ സ്വദേശി വസ്തുക്കളുടെ പ്രചരണത്തില്‍ വലിയ പങ്കുവഹിക്കുന്ന പതഞ്ജലിക്കെതിരെ വിദേശ കുത്തക കമ്പനികളുടെ തന്ത്രപരമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ വിശാലമായ ആയുര്‍വ്വേദ പാരമ്പര്യത്തെ കൊറോണ പോലുള്ള മഹാമാരിക്കെതിരെ തങ്ങള്‍ ഉപയോഗിക്കുകയാണ്. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഗവേഷണങ്ങള്‍ നടത്തുന്നതെന്നും ബാലകൃഷ്ണ വ്യക്തമാക്കി. 40 കൊറോണ രോഗികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പരമ്പരാഗത ചികിത്സയില്‍ തങ്ങള്‍ വിജയം കൈവരിച്ചു കഴിഞ്ഞു. നേപ്പാളിന് അതിര്‍ത്തിപരമായുള്ള രാഷ്ട്രീയ അഭിപ്രായം നേരിടേണ്ടത് ഇന്ത്യയിലെ സര്‍ക്കാരാണ്. നേപ്പാള്‍ സ്വദേശിയായിപ്പോയി എന്നതുകൊണ്ട് ഇന്ത്യയില്‍ പതഞ്ജലിക്കെതിരെ നടക്കുന്നത് അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ബാലകൃഷ്ണ ചൂണ്ടിക്കാട്ടുന്നു.