ബിപിസിഎല്‍ ഓഹരി വില്‍പ്പന: അപേക്ഷ സമര്‍പ്പിക്കാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസും സൗദി അരാംകോയും

November 17, 2020 |
|
News

                  ബിപിസിഎല്‍ ഓഹരി വില്‍പ്പന: അപേക്ഷ സമര്‍പ്പിക്കാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസും സൗദി അരാംകോയും

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലറായ ബിപിസിഎല്ലിലെ ഓഹരികള്‍ വാങ്ങുന്നതിനായി തിങ്കളാഴ്ച സര്‍ക്കാരിന് ഒന്നിലധികം ലേല അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ധന വിപണിയിലെ വമ്പന്മാരായ സൗദി അരാംകോ, ബിപി, ടോട്ടല്‍ എന്നിവയും ലേല അപേക്ഷ നല്‍കിയിട്ടില്ല.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (ബിപിസിഎല്‍) 52.98 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഇടപാടില്‍ ഒന്നിലധികം ബിഡുകള്‍ ലഭിച്ചതായി വില്‍പ്പന കൈകാര്യം ചെയ്യുന്ന നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു. ടിഎയുടെ പരിശോധനയ്ക്ക് ശേഷം ഇടപാട് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ടിഎ എന്നാല്‍ ഇടപാട് ഉപദേശകനാണ്.

ബിപിസിഎല്ലിന്റെ ഓഹരി വിറ്റഴിക്കല്‍ പുരോഗമിക്കുന്നു: ഒന്നിലധികം താല്‍പ്പര്യപത്രങ്ങള്‍ ലഭിച്ചതോടെ രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനും ട്വീറ്റ് ചെയ്തു. എന്നാല്‍ ഇവരാരും ലഭിച്ച ബിഡുകളുടെ എണ്ണമോ ലേലക്കാരുടെ പേരോ നല്‍കിയിട്ടില്ല. 3-4 ബിഡ്ഡുകള്‍ ലഭിച്ചിട്ടുള്ളതായാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബിപിസിഎല്‍ ലേലത്തില്‍ സാധ്യതയുള്ള ഒരു ബിഡ്ഡറായി കണക്കാക്കപ്പെട്ടിരുന്നു. ചില്ലറ വ്യാപാരത്തില്‍ ബിപിസിഎല്ലിന്റെ 22 ശതമാനം ഇന്ധന വിപണി വിഹിതം ചേര്‍ത്ത് രാജ്യത്തെ ഒന്നാം നമ്പര്‍ എണ്ണ ശുദ്ധീകരണ കേന്ദ്രമാക്കി റിലയന്‍സിന് മാറാമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച സമയപരിധി അവസാനിച്ചപ്പോള്‍ റിലയന്‍സ് താല്‍പ്പര്യ പ്രകടനം നടത്തിയിട്ടില്ല.

ലോകത്തെ അതിവേഗം വളരുന്ന ഇന്ധന വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചിരുന്ന സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയും (സൗദി അരാംകോ) ബിപിസില്‍ ലേലത്തിനായി ബിഡ് നല്‍കിയില്ല. ലോകം ദ്രാവക ഇന്ധനങ്ങളില്‍ നിന്ന് അകന്നുപോകുമ്പോള്‍ എണ്ണ ശുദ്ധീകരണ ആസ്തികള്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തതിനാല്‍ യുകെയിലെ ബിപി പിഎല്‍സിയും ഫ്രാന്‍സിന്റെ ടോട്ടലും ഇന്ത്യന്‍ ഇന്ധന വിപണിയിലേക്ക് കടക്കാന്‍ ശ്രമിച്ചില്ല.

ഗുജറാത്തിലെ വാഡിനാറില്‍ 20 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണശാലയും 5,822 പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഊര്‍ജ്ജ ഭീമനായ റോസ്‌നെഫ്റ്റിന്റെ നേതൃത്വത്തിലുള്ള നയാര എനര്‍ജി ബിപിസിഎല്ലില്‍ ലേലം വിളിക്കാന്‍ സാധ്യതയുള്ളതായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ മാസത്തെ ചില റിപ്പോര്‍ട്ടുകള്‍ ഇതിന് എതിരായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ താത്പര്യമുള്ള അബുദാബി നാഷണല്‍ ഓയില്‍ കോ (അഡ്നോക്ക്) ലേലം വിളിക്കാന്‍ സാധ്യതയുള്ളയാളായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും ബിഡ് നല്‍കിയോ എന്നതില്‍ വ്യക്തതയില്ല. ഖനന കോടീശ്വരനായ അനില്‍ അഗര്‍വാളാണ് എണ്ണ, വാതക ബിസിനസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മറ്റൊരു ബിഡ്ഡറായി കണക്കാക്കപ്പെടുന്നത്.

ഇടപാട് ഉപദേഷ്ടാക്കള്‍ ലേലം വിളിക്കുന്നവര്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും സാമ്പത്തിക ശേഷിയുണ്ടോയെന്നും വിലയിരുത്തും. ഈ പ്രക്രിയയ്ക്ക് 2-3 ആഴ്ച സമയം എടുത്തേക്കാം. അതിനുശേഷം പ്രൊപ്പോസലിനായുള്ള അഭ്യര്‍ത്ഥന (ആര്‍എഫ്പി) നല്‍കുകയും സാമ്പത്തിക ബിഡ്ഡുകള്‍ നല്‍കുകയും ചെയ്യാം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved