
കൊച്ചി: ബിപിസിഎല്‍ ഓഹരി വിറ്റൊഴിക്കല്‍ അടുത്ത വര്‍ഷം മാര്‍ച്ചിലേക്കു നീളുമെന്ന ആശങ്കകള്‍ക്കിടെ നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീവ്രശ്രമം. വിറ്റൊഴിക്കല്‍ പ്രഖ്യാപിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വില്‍പന സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണു സര്‍ക്കാര്‍. 'സാങ്കേതിക കുരുക്കുകള്‍' കഴിയുന്നത്ര ഒഴിവാക്കി സ്വകാര്യ നിക്ഷേപകരെ അടുപ്പിച്ചു നിര്‍ത്താനാണു ശ്രമം. പൊതുമേഖലാ ഓഹരി വില്‍പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ബിപിസിഎല്‍ വില്‍പന എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ബിപിസിഎല്‍ വാങ്ങുന്ന സ്വകാര്യ ഉടമയ്ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന രീതിയില്‍ നടപടികള്‍ ലളിതമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ ഉടമയ്ക്ക് ആവശ്യമെങ്കില്‍ 100% വരെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കാനാണു നീക്കം. സ്വകാര്യവല്‍ക്കരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുള്ള പൊതുമേഖലാ എണ്ണ, പ്രകൃതിവാതക കമ്പനികള്‍ക്കു വേണ്ടിയാണിത്. നിലവില്‍, 49% വരെയാണു നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്. സ്വകാര്യ മേഖലയില്‍ ഈ നിയന്ത്രണം ഇല്ലെങ്കിലും ബിപിസിഎല്‍ സ്വകാര്യ മേഖലയിലേക്കു മാറുമ്പോള്‍ ഉണ്ടാകാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുകയാണു ലക്ഷ്യം. ഇതു സംബന്ധിച്ചു വാണിജ്യ, വ്യവസായ മന്ത്രാലയം തയാറാക്കിയ കരടു രേഖ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. അംഗീകരിക്കപ്പെട്ടാല്‍ ആദ്യ നടപടി ബിപിസിഎല്‍ വില്‍പനയിലാകും.