2000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ 200 കോടി രൂപയുടെ നിക്ഷേപവുമായി ബിപിസിഎല്‍

April 14, 2022 |
|
News

                  2000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ 200 കോടി രൂപയുടെ നിക്ഷേപവുമായി ബിപിസിഎല്‍

നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായതോടെ ഇലക്ട്രിക് വാഹന രംഗത്ത് പുതിയ പദ്ധതിയുമായി പൊതുമേഖലാ എണ്ണ വിപണന കമ്പനിയായ ബിപിസിഎല്‍. 100 ദേശീയ പാതകളില്‍ 100 ഫാസ്റ്റ് ഇലക്ട്രിക് ചാര്‍ജിംഗ് ഇടനാഴികള്‍ ഒരുക്കാനാണ് കമ്പനിയുടെ നീക്കം. ഇതിനായി 200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ബിപിസിഎല്‍ അറിയിച്ചു. ഇവിടങ്ങളിലായി 2,000 ചാര്‍ജിംഗ് സ്റ്റേഷനുകളായിരിക്കും സജ്ജീകരിക്കുക.

ചെന്നൈ-തൃച്ചി-മധുര ഹൈവേയില്‍ കമ്പനി അടുത്തിടെ തങ്ങളുടെ ആദ്യത്തെ ഇവി ചാര്‍ജിംഗ് ഇടനാഴി തുറന്നിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ദേശീയപാത 47 ന്റെ കൊച്ചി-സേലം ഭാഗത്ത് രണ്ടാമത്തെ ഇടനാഴി വരുമെന്ന് ബിപിസിഎല്‍ റീട്ടെയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി എസ് രവി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 2023 മാര്‍ച്ചോടെ 100 ഇടനാഴികളിലായി 2,000 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷം ഏകദേശം 200 കോടി രൂപയുടെ നിക്ഷേപം ഞങ്ങള്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട് - അദ്ദേഹം പറഞ്ഞു.

2025 സാമ്പത്തിക വര്‍ഷത്തോടെ 7,000 ഫാസ്റ്റ് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. വിശ്രമമുറികള്‍, റിഫ്രഷ്മെന്റുകള്‍ / ഫുഡ് കോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയായിരിക്കും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുക. അതേസമയം, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്‍പര്യം വര്‍ധിക്കുകയാണ്. ഇലക്ട്രിക് വാഹന വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തിലെ 1,34,821 യൂണിറ്റില്‍ നിന്നും മൂന്നിരട്ടി വര്‍ധിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ 4,29,217 യൂണിറ്റായതായി വാഹന ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, പ്രത്യേകിച്ച് സ്‌കൂട്ടറുകളാണ് ഇവി വില്‍പ്പനയുടെ ഭൂരിഭാഗവും സംഭാവന നല്‍കിയത്.

Related Articles

© 2025 Financial Views. All Rights Reserved