
എന്‍എംസി ഹെല്‍ത്തിന്റെയും തന്റെയും ധനസ്ഥിതി മോശമായിട്ടും കോടീശ്വരനെന്ന നിലയിലുളള പ്രശസ്തിയും കരുത്തും ഉപയോഗിച്ച് ബി ആര്‍ ഷെട്ടി കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകളെടുത്തതായി റിപ്പോര്‍ട്ട്. പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ കടം വാങ്ങുകയും, പിന്നീട് വലിയ അളവില്‍ ആ വ്യക്തിയോ സ്ഥാപനമോ ധനപരമായ പ്രതിസന്ധിയിലായിരുന്നുവെന്ന് പുറത്തറിയുന്നത് ഗള്‍ഫ് മേഖലയില്‍ അസാധാരണമല്ലെന്ന് ബാങ്കര്‍മാരും വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ ബിസിനസ്സ് സാമ്രാജ്യത്തെ ബാധിച്ച പ്രതിസന്ധി രൂക്ഷമായപ്പോള്‍, ബി ആര്‍ ഷെട്ടി മാര്‍ച്ച് പകുതിയോടെ ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹവും കമ്പനികളും കുടിശ്ശിക വരുത്തിയ 250 മില്യണ്‍ ഡോളര്‍ വായ്പയെപ്പറ്റി ചര്‍ച്ച ചെയ്യാനായിരുന്നു ഇത്. യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ എന്‍എംസി ഹെല്‍ത്ത് ഡസന്‍ കണക്കിന് ബാങ്കുകളില്‍ നിന്ന് ആസ്ഥാനമോ അടിസ്ഥാന സ്ഥാപനങ്ങളോ ഈടായി നല്‍കാതെ അപ്പോഴേക്കും വായ്പയെടുത്തിരുന്നു.
കടത്തിന് കൊളാറ്ററല്‍ ആയി ബാങ്കിന് 16 സ്വത്തുക്കള്‍ നല്‍കാനും അധിക ഗ്യാരണ്ടികള്‍ നേടാനും മാര്‍ച്ചിലെ യോഗത്തില്‍ തീരുമാനിച്ചതായി പറഞ്ഞ കരാറില്‍ നിന്ന് പിന്മാറിയതിനാണ് ഇന്ത്യയിലെ ബാങ്ക് ഓഫ് ബറോഡ ഷെട്ടിക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങിയത്. കരാര്‍ ''വഞ്ചനാപരമായ രേഖ'' ആണെന്ന് ഷെട്ടി പറഞ്ഞതായി കോടതി രേഖകള്‍ ഉണ്ടെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വഞ്ചന ആരോപണങ്ങളും നാല് ബില്യണ്‍ ഡോളറിലധികം വരുന്ന മറഞ്ഞിരിക്കുന്ന കടങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നും യുഎഇയിലെ ചില ബാങ്കുകള്‍ക്കും വിദേശ വായ്പക്കാര്‍ക്കും കനത്ത നഷ്ടമുണ്ടായി. കുടിശ്ശികയുള്ള പണം തിരിച്ചെടുക്കാന്‍ ഈ വെളിപ്പെടുത്തല്‍ അവരെ നിയമപോരാട്ടങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു.
യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖലയായ എന്‍എംസിയെ മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കു ശേഷമാണ് ഏപ്രിലില്‍ പുതിയൊരു ഭരണ സമിതിക്ക് കീഴിലേക്ക് മാറ്റിയത്. നേരത്തെ നല്‍കിയ കണക്കുകള്‍ പ്രകാരം കമ്പനിയുടെ കടബാധ്യത 2.1 ബില്യണ്‍ ഡോളറായിരുന്നെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചില്‍, 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. നേരത്തെ റിപ്പോര്‍ട്ടുചെയ്തതിനേക്കാള്‍ ഷെട്ടിക്കും കമ്പനിക്കും ഒരു ബില്യണ്‍ ഡോളറിലധികം കടബാധ്യതയുണ്ടെന്ന് ഷെട്ടിക്ക് കൂടി നിയന്ത്രണ പങ്കാളിത്തമുള്ള ധനകാര്യസ്ഥാപനമായ ഫിനാബ്ലര്‍ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു.
ലോണിന് ഗ്യാരണ്ടിയായി ബാങ്കില്‍ പണയം വെച്ച 16 സ്വത്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഷെട്ടി ബാധ്യസ്ഥനാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. യുഎഇയിലാണ് വായ്പകള്‍ നല്‍കിയിട്ടുള്ളതെന്നും ഇന്ത്യയിലെ ഒരു കോടതിയില്‍ ഇത് നടപ്പാക്കാന്‍ കഴിയില്ലെന്നും ഷെട്ടി വാദിച്ചു. യുഎഇ, ഒമാന്‍, മുംബൈ എന്നിവിടങ്ങളിലെ പ്രാദേശിക ഓഫീസുകളില്‍ നിന്നാണ് വായ്പ അനുവദിച്ചതെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.