
ദുബായ്: അബുദാബിയിലെ എന്‍എംസി ഹെല്‍ത്ത് കെയറില്‍ നിന്ന് സ്ഥാപകനായ ബി.ആര്‍ ഷെട്ടിയുടെ ഭാര്യയെ പുറത്താക്കി. ഇപ്പോള്‍ ഇന്ത്യയിലുള്ള ബി.ആര്‍ ഷെട്ടിയുമായുള്ള എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിച്ചിരിക്കുകയാണ് സ്ഥാപനം. ഷെട്ടിയുടെ ഭാര്യ ഡോ. ചന്ദ്രകുമാരി ഷെട്ടി, എന്‍.എം.സിയില്‍ ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറായാണ് ജോലി ചെയ്തിരുന്നത്. ബി.ആര്‍ ഷെട്ടി എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ചെയര്‍മാന്‍ സ്ഥാനങ്ങളിലിരിക്കുമ്പോള്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ സ്ഥാപനത്തില്‍ നടന്നതായി കണ്ടെത്തിയിരുന്നു.
എഴുപതുകളുടെ പകുതിയില്‍ സ്ഥാപിതമായ എന്‍എംസിയിലെ ആദ്യ ജീവനക്കാരിയായിരുന്നു ഡോ. ചന്ദ്രകുമാരി ഷെട്ടി. പുറത്താക്കപ്പെടുന്ന സമയത്ത് സ്ഥാപനത്തില്‍ നിന്ന് പ്രതിമാസം രണ്ട് ലക്ഷം ദിര്‍ഹമാണ് അവര്‍ ശമ്പളമായി കൈപ്പറ്റിയിരുന്നത്. ബി.ആര്‍ ഷെട്ടിക്കൊപ്പം ഡോ. ചന്ദ്രകുമാരിയും ഇപ്പോള്‍ ഇന്ത്യയിലാണ്. സ്ഥാപനത്തില്‍ മെഡിക്കല്‍ ഡയറക്ടറായി ജോലി ചെയ്തിരുന്ന ചന്ദ്രകുമാരി ഷെട്ടി, സാമ്പത്തിക കാര്യങ്ങളിലൊന്നും ഇടപെട്ടിരുന്നില്ലെന്ന് സി.ഇഒ മിഷേല്‍ ഡേവിസ് പറഞ്ഞു.
അവസാനം ശമ്പളം വാങ്ങിയത് ഫെബ്രുവരി മാസത്തിലാണ്. മാര്‍ച്ച് മുതല്‍ അവര്‍ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാത്ത ഒരു വ്യക്തിക്ക് ഇത്രയും നാള്‍ ഇത്ര വലിയ തുക ശമ്പളം നല്‍കാന്‍ ഒരു സ്ഥാപനത്തിനും സാധിക്കില്ലെന്നാണ് പ്രാദേശിക ബാങ്കിങ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വമേധയാ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ച് പോകാന്‍ ഡോ. ചന്ദ്രകുമാരിയുമായി ചില ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥാപകന്റെ ഭാര്യയെന്നോ ആദ്യത്തെ ജീവനക്കാരിയെന്ന പരിഗണനയോ നല്‍കാനാവില്ലെന്നും അവര്‍ പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം നടക്കുന്നതിനിടെ യുഎഇ വിട്ട ബി.ആര്‍ ഷെട്ടിയുടെ വിവിധ രാജ്യങ്ങളിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നല്‍കിയ വായ്പാ തട്ടിപ്പ് പരാതിയിലായിരുന്നു ഉത്തരവ്. വായ്പ നല്‍കിയ 80 ലക്ഷം ഡോളറിലധികം തിരികെ ലഭിക്കാനുണ്ടെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.