
വാഷിങ്ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ പിന്നിട്ടു. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയാണ് 100 ഡോളര്‍ കടന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ പിന്നിടുന്നത്. റഷ്യ-യുക്രെയ്ന്‍ തര്‍ക്കമാണ് എണ്ണവില കുതിക്കുന്നതിനുള്ള പ്രധാന കാരണം.
ആഗോള തലത്തില്‍ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉല്‍പാദകരില്‍ ഒരാളാണ് റഷ്യ. യുക്രെയിനുമായി റഷ്യ സംഘര്‍ഷത്തിലായതോടെയാണ് എണ്ണവില ഉയരാന്‍ തുടങ്ങിയത്. യുക്രെയ്‌നെ റഷ്യ ആക്രമിച്ചാല്‍ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ പുതിയ ഉപരോധമേര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് എണ്ണവിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിക്ക് അറുതി വന്നാല്‍ മാത്രമേ എണ്ണവില കുറയാന്‍ സാധ്യതയുള്ളുവെന്നാണ് സൂചനകള്‍. എണ്ണവില വര്‍ധനവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുക ഇന്ത്യയേയായിരിക്കും. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ ഭൂരിപക്ഷവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
അന്താരാഷ്രട വിപണിയില്‍ എണ്ണവില ഉയരുന്നതിന് ആനുപാതികമായി ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വില ഉയരും. അത് പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കുമെന്നാണ് ആശങ്ക. നിലവില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കഴിഞ്ഞ കുറേ ദിവസമായി ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ കമ്പനികള്‍ വില ഉയര്‍ത്തുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ജനങ്ങള്‍ക്ക് അത് കടുത്ത ദുരിതമാവും സമ്മാനിക്കുക.