
ചൈനയ്ക്ക് വീണ്ടും തിരിച്ചടി. ചൈനീസ് ടെലികോം ഭീമന്മാരായ ഹുവാവെയെ 5ജി നെറ്റ്വര്‍ക്കുകളില്‍ നിന്നും സമ്പൂര്‍ണമായി വിലക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു. ഹുവാവെയ്ക്ക് എതിരെ അമേരിക്ക കൈക്കൊണ്ട തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടണും നടപടിയെടുത്തിരിക്കുന്നത്. 2027 ഓടെ 5ജി നെറ്റ്വര്‍ക്ക് ശൃഖലകളില്‍ നിന്നും ഹുവാവെയെ പാടെ വിലക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ചൊവാഴ്ച്ച അറിയിച്ചു.
ദേശീയ സൈബര്‍ സുരക്ഷാ സെന്റര്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിയെ വിലക്കാനുള്ള ബ്രിട്ടണിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 2020 ഡിസംബര്‍ 31 -ന് ശേഷം 5ഏ ശേഷിയുള്ള പുതിയ ഹുവാവെയ് ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ വില്‍പ്പനാനുമതി ലഭിക്കില്ല.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ യോഗത്തിലാണ് ഹുവാവെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം വന്നത്. നേരത്തെ, അമേരിക്കയും ഹുവാവെയ്ക്ക് നേരെ കടുത്ത നടപടികള്‍ എടുത്തിരുന്നു. ഹുവാവെയ്ക്ക് ആവശ്യമായ വസ്തുക്കള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനികള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ ഈ നടപടി അടുത്തവര്‍ഷം തുടക്കത്തോടെ ഹുവാവെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
2027 ഓടെ 5ജി നെറ്റ്വര്‍ക്കുകളില്‍ നിന്നും ഹുവാവെയെ തുടച്ചുനീക്കുകയാണ് ബ്രിട്ടണിന്റെയും ലക്ഷ്യം. ഇതേസമയം, ചൈനീസ് ഹുവാവെയെ വേഗത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചാല്‍ ബ്രിട്ടണില്‍ ഫോണ്‍ സിഗ്‌നലുകള്‍ തടസ്സപ്പെടുമെന്ന് ടെലികോം കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിടി, വൊഡഫോണ്‍ തുടങ്ങിയ കമ്പനികളാണ് ഇക്കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റ് കമ്മിറ്റി മുമ്പാകെ അറിയിച്ചത്. ഹുവാവെയെ പുറത്താക്കാന്‍ 2027 വരെ ബ്രിട്ടീഷ് സര്‍ക്കാര്‍ കാത്തിരിക്കുന്നതിന് കാരണവും ഇതുതന്നെ.
നേരത്തെ, 5ജി നെറ്റ്വര്‍ക്കിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ഹുവാവെയ്ക്ക് യുകെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞു. നിലവില്‍ 5ജി സേവനങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് വേണ്ട ഉപകരണങ്ങള്‍ക്ക് ഹുവാവെയെയാണ് ബ്രിട്ടീഷ് ടെലികോം കമ്പനികള്‍ പ്രധാനമായും ആശ്രയിക്കുന്നത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം പ്രകാരം 2023 ഓടെ ഹുവാവെയുമായുള്ള ബന്ധം 35 ശതമാനമാക്കി ടെലികോം കമ്പനികള്‍ കുറയ്ക്കണം. ഹുവാവെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ 5ജി സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന വാദവുമായി നോക്കിയയും ഇപ്പോള്‍ രംഗത്തുണ്ട്.