
ബ്രിട്ടന്റെ 5 ജി ഫോണ്‍ ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ ചൈനയുടെ വാവെയുമായി സഹകരിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തെച്ചൊല്ലിയുണ്ടായ എതിര്‍പ്പുകളെ, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പരാജയപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ ടെലികോം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന വാവെ ചാരപ്പണി ചെയ്തതായി അമേരിക്ക ആരോപിച്ചതിനെത്തുടര്‍ന്ന് വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചിരുന്നു.
രാജ്യത്തെ 5 ജി ശൃംഖലയുടെ സെന്‍സിറ്റീവ് അല്ലാത്ത ഭാഗങ്ങളാണെന്ന് സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളില്‍ വാവെയെ അനുവദിക്കാന്‍ ബ്രിട്ടന്‍ ജനുവരിയില്‍ തീരുമാനിച്ചു. അതിന്റെ പങ്കാളിത്തം 35 ശതമാനമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അമേരിക്കയെ പ്രകോപിപ്പിച്ചു. അടുത്ത തലമുറയിലെ ആശയവിനിമയ സംവിധാനങ്ങളില്‍ നിന്ന് വാവെയെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആഗ്രഹിക്കുകയും പുനര്‍വിചിന്തനം നടത്താന്‍ ബ്രിട്ടനെ പ്രേരിപ്പിക്കുകയും ചെയ്തു. 2022 ഡിസംബര്‍ അവസാനത്തോടെ വാവെ ബ്രിട്ടന്റെ 5 ജി നെറ്റ്വര്‍ക്കുകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു.
5 ജി ടെലികോം ഗിയറിന്റെ വിതരണം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കും. അതിനാല്‍ ഓപ്പറേറ്റര്‍മാര്‍ വാവെ ഉപയോഗിക്കേണ്ട ആവശ്യം വരില്ല എന്ന് പറഞ്ഞ് സര്‍ക്കാര്‍ വിമതരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ചൈനീസ് കമ്പനിയെ നിരോധിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ല. എന്നിരുന്നാലും, ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി വിമതര്‍ അവരുടെ പദ്ധതി വോട്ടെടുപ്പിന് വിട്ടു. 80 സീറ്റുകളുടെ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ 24 വോട്ടുകള്‍ക്ക് ജയിച്ചു. വിമതരില്‍ ഒരാളായ ബോബ് സീലി അവരുടെ ലക്ഷ്യം തുടരുമെന്ന് സൂചിപ്പിച്ചു. ട്വിറ്ററിലെ ഒരു പോസ്റ്റിംഗില്‍ വോട്ടിനെ എതിര്‍പ്പിന്റെ ആദ്യ സ്വരമായി വിലയിരുത്തി.
2022 അവസാനത്തോടെ ഉയര്‍ന്ന അപകടസാധ്യതയുള്ള വാവെ പോലുള്ള കമ്പനികള്‍ നെറ്റ്വര്‍ക്കുകളില്‍ നിന്ന് പൂര്‍ണമായും പുറത്താക്കപ്പെട്ടുവെന്ന് ഉറപ്പാക്കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ ഭേദഗതി ചെയ്യാന്‍ ബ്രിട്ടീഷ് സുരക്ഷാ വിദഗ്ധര്‍ തയാറാകണമെന്ന് വിമതര്‍ ആഗ്രഹിക്കുന്നു. അപകടസാധ്യതയുള്ളവരുമായി യാതൊരു സഹകരണത്തിനും താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ വാവെ, സ്വീഡന്റെ എറിക്‌സണ്‍, ഫിന്‍ലാന്‍ഡിന്റെ നോക്കിയ എന്നീ വിപണിയില്‍ ആധിപത്യമുള്ള മൂന്ന് കമ്പനികളും നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരായ വാവെയെ ആശ്രയിക്കുന്നുണ്ട്.
അതേസമയം ബ്രിട്ടന് ആവശ്യമായ 5 ജി ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ ചൈനീസ് കമ്പനിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ കമ്പനിയായ ബിടിയുടെ മുന്‍ ചെയര്‍മാനും വാവെയുടെ ഉപദേശകനുമായ മൈക്ക് റേക്ക് പറഞ്ഞു. വാവെ 5 ജി ഉപകരണങ്ങള്‍ കൂടുതല്‍ നിയന്ത്രിക്കുന്നതിനോ നിലവിലുള്ള 4 ജി ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതിനോ ഉള്ള ഏതൊരു ശ്രമവും ചൈനയുമായുള്ള വ്യാപാര ബന്ധത്തിനും സര്‍ക്കാരിന്റെ ബ്രോഡ്ബാന്‍ഡ് അഭിലാഷങ്ങളെയും ഗണ്യമായി പിന്നോട്ടടിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങളുടെ സമ്പദ്വ്യവസ്ഥയെയും മത്സരശേഷിയെയും കൂടുതല്‍ തകര്‍ക്കും. നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയ ബ്രിട്ടന്‍ പുതിയ വ്യാപാര ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തിലാണ്.