
കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്രിട്ടീഷ് വിപണി ഭയപ്പെട്ടിരുന്ന കാര്യം സത്യമാവുകയാണോ എന്നാണ് ഇപ്പോള്‍ ആഗോള തലത്തില്‍ ഉയരുന്ന ആശങ്ക. യുകെയുടെ സമ്പദ് വ്യവസ്ഥയെ ബ്രെക്‌സിറ്റ് തകിടം മറിക്കുമോ എന്ന ആശങ്കയിലായിരുന്നു വിപണി. ഇപ്പോള്‍ നിലവിലുള്ള യുറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റ് അടക്കമുള്ള ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്നതായിരുന്നു ബ്രെക്‌സിറ്റിനെ ഭയപ്പെടുന്നതിന് കാരണം. പക്ഷേ ഇപ്പോള്‍ സിംഗിള്‍മാര്‍ക്കറ്റ് പോയിട്ട് യൂറോപ്യന്‍ യൂണിയനുമായി വ്യാപാരസംബന്ധമായ കരാറൊന്നുമില്ലാതെ ബ്രിട്ടന്‍ വേര്‍പിരിയുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
ഇപ്പോള്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണിന്റെ കടുപിടുത്തം സ്വഭാവവത്തിന് പിന്നാലെ നോ ഡീല്‍ ബ്രക്‌സിറ്റിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന ആശങ്കയാണ് വിപണിയില്‍ സജീവമാകുന്നത്. ബ്രിട്ടീഷ് കറന്‍സിയായ പൗണ്ടിലാണ് വിപണിയുടെ ഈ ആശങ്ക ആദ്യം പ്രതിഫലിക്കുന്നത്. രണ്ടരവര്‍ഷത്തിനിടെ ഏറ്റവും വലിയ വീഴ്ച്ചയാണ് പൗണ്ട് നേരിടുന്നത്. 2012-നുശേഷം ഇത്രയും വലിയ മൂല്യത്തകര്‍ച്ച പൗണ്ടിനുണ്ടാകുന്നത് ആദ്യമായാണ്. പൗണ്ടിന്റെ വിലയിടിവും വിപണിയിലെ പ്രതിസന്ധിയും ബ്രിട്ടനെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കാണോ തള്ളിയിടുന്നതെന്ന ആശങ്കയും ഇപ്പോള്‍ ശക്തമാണ്. 1.2074 ഡോളറാണ് പൗണ്ടിന്റെ ഇന്നലത്തെ വില.
ഓഗസ്റ്റ് ഒന്നിന് 1.2138 ഡോളറായിരുന്നു മൂല്യം. രണ്ടരവര്‍ഷത്തിനിടെ ഇത്രയും താഴ്ന്ന വിലയിലേക്ക് പൗണ്ട് കൂപ്പുകുത്തുന്നത് ഇതാദ്യയമായാണ്. 85.4210 രൂപയാണ് ഇപ്പോള്‍ ഒരു ബ്രിട്ടീഷ് പൗണ്ട്. മൂല്യത്തകര്‍ച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരെയും പ്രതിസന്ധിയിലാക്കി. ബ്രിട്ടന്‍ അവധിയാഘോഷിക്കുന്ന വേളയില്‍ത്തന്നെയാണ് പൗണ്ടുവില താഴേക്ക് പോയതെന്നത് പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അവധിയാഘോഷിക്കുന്നവര്‍ക്കുപോലും ഏതാണ്ട് യൂറോയ്ക്ക് സമാനമായ പൗണ്ട് വലിയ സ്ാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. 1.0653 യൂറോയാണ് ഇപ്പോള്‍ ഒരു പൗണ്ട്.
മുമ്പ് പൗണ്ടിന് യൂറോയ്ക്കുമേലുണ്ടായിരുന്ന ആധിപത്യം ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെ പോക്കറ്റിനെ സമ്പന്നമാക്കി നിര്‍ത്തിയിരുന്നു. എന്നാലിക്കുറി, പൗണ്ടും യൂറോയും തുല്യമായതോടെ, ചെലവേറിയത് യാത്രക്കാരെയും വലിയതോതില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിനിടെ ആദ്യ പാദത്തില്‍ അരശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ബ്രിട്ടീഷ് വിപണി രണ്ടാം പാദത്തില്‍ കടുത്ത തളര്‍ച്ചയിലാണ്. ബ്രെക്സിറ്റ് നടപ്പിലാക്കുന്നത് വൈകിയതോടെയാണ് നിര്‍ണാണ മേഖലയടക്കം ഉണര്‍ന്നതും വിപണി വളര്‍ച്ച രേഖപ്പെടുത്തിയതും. ജൂണ്‍ ഒന്നിനുശേഷമുള്ള കാലയളവില്‍ 0.2 ശതമാനം കുറവാണ് വളര്‍ച്ചയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ബ്രെക്സിറ്റ് ഒക്ടോബറില്‍ നടക്കുമെന്നുറപ്പായതോടെ, കമ്പനികള്‍ വന്‍തോതില്‍ ഉത്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങിയത് വിപണിയില്‍ മാന്ദ്യത്തിനിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മ്മാണ മേഖലയിലും ഉദ്പാദന മേഖലയിലും വന്ന കുറവും വിപണിയെ ഉലച്ചു. കനത്തെ വെല്ലുവുളിയിലൂടെയാണ് ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ കടന്നുപോകുന്നതെന്ന് ചാന്‍സലര്‍ സാജിദ് ജാവിദ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബ്രിട്ടന്‍ മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറയുന്നു. മിക്കവാറും രാജ്യങ്ങളില്‍ വളര്‍ച്ച പിന്നോട്ടടിച്ചിട്ടുണ്ട്. ഈ പ്രതിഭാസത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സാജിദ് ജാവിദ് പറഞ്ഞു. ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയുടെ അടിത്തറ കെട്ടുറപ്പുള്ളതാണ്. ഇക്കൊല്ലം ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളെക്കാളും വളര്‍ച്ച കൈവരിക്കാനാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ജിഡിപിയില്‍ തളര്‍ച്ച നേരിട്ടിട്ടുണ്ടെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് തലവന്‍ റോബ് കെന്റ് സ്മിത്ത് അഭിപ്രായപ്പെട്ടു. 2012-നുശേഷം ആദ്യമായാണ് ജിഡിപിയില്‍ വളര്‍ച്ച കുറയുന്നത്. ഇക്കൊല്ലം മികച്ച രീതിയില്‍ തുടങ്ങുകയും പിന്നീടുണ്ടായ ആശയക്കുഴപ്പം വിപണിയെ പിന്നോട്ടടിച്ചതുമാണ് ജിഡിപിയില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാംപാദത്തില്‍ ജിഡിപി പൂജ്യത്തിലേക്കെത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. ബ്രെക്സിറ്റിന്റെ ക്ഷീണത്തില്‍നിന്ന് മുക്തമായശേഷം 2021-ഓടെ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിലയിരുത്തുന്നു.