
ലണ്ടന്‍: കൊറോണ വൈറസ് പ്രതിസന്ധിയില്‍ റോള്‍സ് റോയ്സ് 9000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. തങ്ങളുടെ ജീവനക്കാരില്‍ അഞ്ചിലൊന്ന് കുറയ്ക്കുന്നത് പ്രധാനമായും സിവില്‍ എയ്റോസ്പേസ് ഡിവിഷനെ ബാധിക്കുമെന്ന് റോള്‍സ് റോയ്സ്. ഇത് തങ്ങളുടെ നിര്‍മ്മാണത്തിലെ പ്രതിസന്ധിയല്ല, മറിച്ച് ഞങ്ങളിപ്പോള്‍ നേരിടുന്നതും നിര്‍ബന്ധമായും കൈകാര്യം ചെയ്യേണ്ടതുമായ പ്രതിസന്ധിയാണെന്ന്, വിമാന എഞ്ചിന്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് ഹോള്‍ഡിംഗ്സ് സിഇഒ വാറന്‍ ഈസ്റ്റ് വ്യക്തമാക്കി. തൊഴില്‍ വെട്ടിക്കുറവിന്റെ സിംഹഭാഗവും യുകെയിലായിരിക്കും.
ആഗോള തലത്തില്‍ 52,000 ആളുകള്‍ റോള്‍സ് റോയ്സില്‍ ജോലി ചെയ്യുന്നുണ്ട്. യൂണിയനുമായി കൂടിയാലോചിക്കേണ്ടതിനാല്‍ തൊഴില്‍ വെട്ടിക്കുറവ് എവിടെയായിരിക്കുമെന്ന് കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങളുടെ സിവില്‍ എയ്റോസ്പേസ് ബിസിനസിന്റെ മൊത്തം ജീവനക്കാരില്‍ ഏകദേശം മൂന്നില്‍ രണ്ട് ആളുകളും ഇപ്പോള്‍ യുകെയിലാണ്. അത് ഒരു മികച്ച ആദ്യത്തെ പ്രോക്സി ആയിരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കാന്‍ തുടങ്ങിയത് മുതല്‍ വിമാന യാത്രകള്‍ പൂര്‍ണമായും നിലയ്ക്കുകയുണ്ടായി. കൂടാതെ, മിക്ക എയര്‍ലൈനുകളും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും തുടങ്ങി. കൊവിഡ് 19 മഹാമാരി, കമ്പനിയിലും വ്യോമയാന വ്യവസായത്തിലും ഉണ്ടാക്കിയ ആഘാതം അഭൂതപൂര്‍വ്വമാണെന്ന് റോള്‍സ് റോയ്സ് അറിയിച്ചു. വാണിജ്യ എയ്റോസ്പേസ് വിപണിയിലെ പ്രവര്‍ത്തനം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ട നിലവാരത്തിലേക്ക് മടങ്ങാന്‍ വര്‍ഷങ്ങളെടുക്കുമെന്നത് കൂടുതല്‍ വ്യക്തമാണ്.
തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം തന്നെ നിര്‍മ്മാണശാലകളും സ്വത്തുക്കളും പോലുള്ള മേഖലകളിലെ ചെലവ് കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. 'കൊവിഡ് 19 -ന് മുമ്പ് ഞങ്ങളുടെ ഉത്പാദന സൗകര്യങ്ങള്‍ കഴിയുന്നത്ര കാര്യക്ഷമമായി രൂപകല്‍പ്പന ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ പുതിയ പ്രവര്‍ത്തന രീതിയിലേക്ക് ക്രമീകരിക്കുകയാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പ്രവര്‍ത്തനരീതികള്‍ ഇതിനുദാഹരണമാണ്', കമ്പനി വ്യക്തമാക്കി. പകര്‍ച്ചവ്യാധിയെ നേരിടാനും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാര്യങ്ങള്‍ക്കുമായി ഗ്രൂപ്പ് ഇതിനകം തന്നെ മറ്റു നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
ആഗോള വേതന ബില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും കുറയ്ക്കുക, പുറമെ നിന്നുള്ള ഉദ്യേഗാര്‍ഥികളെ ജോലിക്കെടുക്കാതിരിക്കുക, കണ്‍സള്‍ട്ടിംഗ്, അനിവാര്യമല്ലാത്ത യാത്രകള്‍, സബ് കോണ്‍ട്രാക്ടര്‍ ചെലവുകള്‍ എന്നീ ചെലവുകള്‍ ചുരുക്കുക എന്നതാണ് ഇവയില്‍ പ്രധാനം. 137 മില്യണ്‍ ഡോളര്‍ ലാഭിക്കാനായി സീനിയര്‍ മാനേജ്മെന്റ്, ബോര്‍ഡ് ശമ്പളങ്ങള്‍ 20 ശതമാനം വെട്ടിക്കുറയ്ക്കുകയും ഓഹരി ഉടമകളുടെ ലാഭവിഹിതം റദ്ദാക്കുകയും ചെയ്തു.