വില വര്‍ധിപ്പിക്കേണ്ടി വരും; ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാന്‍ ഒരുങ്ങുന്നു

May 05, 2022 |
|
News

                  വില വര്‍ധിപ്പിക്കേണ്ടി വരും; ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാന്‍ ഒരുങ്ങുന്നു

നാണയപ്പെരുപ്പം രൂക്ഷമായതിനാല്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാന്‍ ഒരുങ്ങുന്നു. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ വില വര്‍ധിപ്പിക്കുന്നതിന് പകരമാണ് ഉത്പന്നത്തിന്റെ അളവില്‍ കുറവ് വരുത്തുന്നത്. എന്നാല്‍ തുടര്‍ന്നും നിലവിലെ അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുകയാണെങ്കില്‍ 10 ശതമാനം വില വര്‍ധിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

നാണയപ്പെരുപ്പത്തെ കൂടുതല്‍ വഷളാക്കുന്നു സാഹചര്യങ്ങളാണ് നിലവിലുള്ളത്. അത് ഉടനെ അവസാനിക്കുമെന്ന് കരുതുന്നില്ല. മുന്‍കൂറായി തയ്യാറെടുപ്പുകള്‍ നടത്തിയതിനാല്‍ ചില ചെലവുകള്‍ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, എന്നിരുന്നാലും പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നേക്കാം. ഇതിനാലാണ് അളവ് കുറയ്ക്കുന്നതെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി വ്യക്യതമാക്കി.

ഇതോടെ ഇനി ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും അളവ് കമ്പനി കുറച്ചേക്കും. അതേസമയം മാര്‍ച്ചില്‍ കമ്പനിയുടെ അറ്റാദായം 4.3 ശതമാനം വര്‍ധിച്ച് 379.9 കോടി രൂപയായി. ഈ പാദത്തിലെ മൊത്തം ചെലവ് 3,000.77 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനം കൂടുതലാണ്. എന്നാല്‍ ഈ പാദത്തില്‍ 15 ശതമാനം ഉയര്‍ന്ന ഉയര്‍ച്ച കൈവരിച്ചതായി വരുണ്‍ ബെറി കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടാനിയയുടെ പുതിയ ഡയറി ഗ്രീന്‍ഫീല്‍ഡ് ഫാക്ടറി നിര്‍മ്മാണം പുരോഗമിക്കുന്നതായും ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബിഹാര്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ഫീല്‍ഡ് യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് പുതിയ നീക്കത്തിന് കാരണം. പാമോയിലിന്റെ വില വര്‍ധനവും പാക്കിങ് മെറ്റീരിയലുകളുടെ വില വര്‍ധനവും ഒരു പ്രധാന കാരണമാണെന്നും വരുണ്‍ ബെറി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വളരെ അധികം ജനപ്രീതി ആര്‍ജിച്ച ഭക്ഷ്യ കമ്പനികളിലൊന്നാണ് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്. ബിസ്‌ക്കറ്റ്, ബ്രെഡ്, കേക്ക്, റസ്‌ക്, ചീസ്, പാനീയങ്ങള്‍, പാല്‍, തൈര് എന്നിവയാണ് ബ്രിട്ടാനിയ പ്രധാനമായും വിപണിയിലെത്തിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved