ബിറ്റ്കോയിന് പകരം 'ബ്രിട്കോയിന്‍'; ഡിജിറ്റല്‍ കറന്‍സിയില്‍ പുതു സാധ്യതകള്‍ തേടി ബ്രിട്ടന്‍

April 20, 2021 |
|
News

                  ബിറ്റ്കോയിന് പകരം 'ബ്രിട്കോയിന്‍';  ഡിജിറ്റല്‍ കറന്‍സിയില്‍ പുതു സാധ്യതകള്‍ തേടി ബ്രിട്ടന്‍

ലണ്ടന്‍: ബിറ്റ്കോയിന്‍ വളര്‍ച്ചയുടെ സാഹചര്യത്തില്‍ പുതിയ സാധ്യതകള്‍ തേടി ബ്രിട്ടന്‍. ബ്രിട്ടീഷ് ധനകാര്യ മന്ത്രി ഋഷി സുനക് ആണ് ഇത്തരമൊരു സാധ്യത തേടിയിരിക്കുന്നത്. ബ്രിട്കോയിന്‍ എന്ന പേരിലോ അല്ലെങ്കില്‍ കേന്ദ്ര ബാങ്കിന്റെ പിന്തുണയോടെ ഒരു ഡിജിറ്റല്‍ കറന്‍സിയോ ആരംഭിക്കാനാകുമോ എന്നാണ് ചോദ്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ഇതിന്റെ സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞിട്ടുണ്ട്.

ക്രിപ്റ്റോകറന്‍സികളുടെ വളര്‍ച്ച പല രാജ്യങ്ങളേയും ഭയപ്പെടുത്തുന്നുണ്ട്. ബിറ്റ്കോയിന്‍ മാത്രമല്ല, മറ്റ് ക്രിപ്റ്റോകറന്‍സികളും വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കുക എന്നതാണ് 'ബ്രിട്കോയിന്‍' കൊണ്ട് ലക്ഷ്യമിടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പിന്തുണയ്ക്കുന്ന, പൗണ്ട് സ്റ്റെര്‍ലിങിന്റെ ഡിജിറ്റല്‍ പതിപ്പിനെ കുറിച്ചാണ് ചര്‍ച്ച. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ സാധ്യതകള്‍ തേടുന്നതിനായി ഒരു പുതിയ കര്‍മപദ്ധതി അവതരിപ്പിക്കുകയാണ് എന്നും ഋഷി സുനക് ഒരു സാമ്പത്തിക സമ്മേളനത്തില്‍ പറഞ്ഞു.

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി എന്നത് പുതിയ ആശയം ഒന്നുമില്ല. ചൈന ഇത് നേരത്തേ തന്നെ പ്രാവര്‍ത്തികമാക്കിയിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഇത്തരം ഒരു പദ്ധതിയുമായി രംഗത്തുണ്ട്. എന്തായാലും വിപ്ലവാത്മകമായ ഒരു സാമ്പത്തിക പരിഷ്‌കരണമായി ഇതിനെ പലരും വിലയിരുത്തുന്നുണ്ട്. എന്തായാും ഒരുകാര്യം ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നുണ്ട്. സ്റ്റെര്‍ലിങിന്റെ ഡിജിറ്റല്‍ പതിപ്പ് ഭൗതിക പണത്തിനോ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ക്കോ ഒരു ബദല്‍ ആവില്ല എന്നതാണത്. ക്രിപ്റ്റോകറന്‍സികള്‍ക്ക് സമാനമായിരിക്കും ഇതിന്റെ ഇടപാടുകള്‍ എന്നത് തന്നെയാണ് ഇത് നല്‍കുന്ന സൂചന.

2008 ല്‍ ആയിരുന്നു ബിറ്റ്കോയിന്‍ എന്ന ആദ്യത്തെ ക്രിപ്റ്റോകറന്‍സി അവതരിപ്പിക്കപ്പെടുന്നത്. ആരാണ് ഇതിന് പിന്നില്‍ എന്ന് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല. 2009 ല്‍ ആണ് ബിറ്റ്കോയിന്‍ ഉപയോഗം തുടങ്ങുന്നത്. 2011 ല്‍ 0.30 ഡോളര്‍ ആയിരുന്നു ഒരു ബിറ്റ്കോയിന്റെ മൂല്യം. ആ വര്‍ഷം തന്നെ അത് 5.27 ഡോളര്‍ ആയി ഉയരുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 14 ന് ബിറ്റ്കോയിന്‍ റെക്കോര്‍ഡ് മൂല്യത്തില്‍ എത്തുകയും ചെയ്തു.

ബിറ്റ്കോയിനെ പിന്‍പറ്റി ഒരുപാട് ക്രിപ്റ്റോകറന്‍സികള്‍ പിന്നീട് അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ ബിറ്റ്കോയിന്‍ ഉണ്ടാക്കിയത് പോലെയുള്ള വലിയ നേട്ടം ആര്‍ക്കും ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. എഥേറിയം, ലൈറ്റ്കോയിന്‍, കാര്‍ഡാനോ, പോള്‍കാഡോട്ട്, ബിറ്റ്കോയിന്‍ ക്യാഷ്, സ്റ്റെല്ലാര്‍ തുടങ്ങിയവയാണ് മറ്റ് പ്രമുഖ ക്രിപ്റ്റോകറന്‍സികള്‍.

Related Articles

© 2024 Financial Views. All Rights Reserved