
കൊച്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയൊരുങ്ങുന്നു. 1200 കോടി രൂപ ചെലവഴിച്ച് ദുബായ് ആസ്ഥാനമായുള്ള ബ്രിക്സ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് കൊച്ചിയില്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ സാങ്കേതികതയുടെയും ആഡംബരത്തിന്റെയും അവസാന വാക്കായി കൊച്ചിയിലെ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി മാറും.
മൂന്നര ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ബ്രിക്സ്റ്റണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും ദുബായ് രാജകുടുംബാംഗവുമായ ഷെയ്ക്ക് ജുമ ബിന്‍ സായിദ് അല്‍ മക്തും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രിക്‌സ് സ്മാര്‍ട്ട് മാള്‍, ബ്രിക്‌സ് ബിസിനസ് സെന്റര്‍, ബ്രിക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍, ബ്രിക്‌സ് സ്മാര്‍ട്ട് വെയര്‍ ഹൗസ്, ബ്രിക്‌സ് അക്കാദമി എന്നിവയാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയില്‍ വരുന്നത്. നിലവിലെ വ്യവസായിക സേവന സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി ആധുനിക ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജികളും, അര്‍ബന്‍ ഷോപ്പിംഗും കൈകോര്‍ക്കുന്ന വിസ്മയകരമായ ഈ ആഡംബര ലോകം 30 ഏക്കറോളം സ്ഥലത്ത് 20 ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് നിര്‍മ്മിക്കുന്നത്.
നൂതന സാങ്കേതികവിദ്യയില്‍ രണ്ടര വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അഞ്ച് പ്രധാന സെക്ടറുകളും 14 ബിസിനസ് വിഭാഗങ്ങളും പദ്ധതിയുടെ ഭാഗമാണെന്നും ബ്രിക്സ്റ്റണ്‍ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ സിറാജ് എം.പി പറഞ്ഞു. കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തെ ഒരു വലിയ കാന്‍വാസിലേക്ക് മാറ്റി ഇന്‍ഡസ്ട്രിയല്‍ ആവശ്യങ്ങളുടെ സമഗ്ര സേവനങ്ങളെ ഒരു കുടക്കീഴില്‍ എത്തിക്കുകയാണ് ബ്രിക്സ്റ്റണ്‍ ഗ്രൂപ്പ്.