
മുംബൈ: ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച വ്യാപാരത്തില്‍ 0.7 ശതമാനം നേട്ടത്തോടെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. ബിഎസ്ഇ സെന്‍സെക്‌സ് 315 പോയിന്റ് അഥവാ 0.72 ശതമാനം ഉയര്‍ന്ന് 43,953 എന്ന നിലയിലെത്തി. നിഫ്റ്റി 12,874 ല്‍ 94 പോയിന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്നു. ആദ്യകാല ഡീലുകളില്‍, സെന്‍സെക്‌സ് നിര്‍ണായകമായ 44,000 മാര്‍ക്കിലേക്കും കയറി.
ഇന്നത്തെ റാലിയോടെ ബിഎസ്ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (എം-ക്യാപ്) 170 ട്രില്യണ്‍ രൂപ എന്ന പരിധി കടന്ന് 170.59 ട്രില്യണ്‍ രൂപയായി. ബിഎസ്ഇ മിഡ് ക്യാപ്പ് സൂചിക 16,147 ലെവലില്‍ ഒരു ശതമാനം മുന്നേറിയപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ്പ് സൂചിക 0.88 ശതമാനം ഉയര്‍ന്ന് 15,910 ലെവലില്‍ എത്തി. മേഖലാ രംഗത്ത് ബാങ്കുകളും മെറ്റല്‍ സ്റ്റോക്കുകളും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കി. നിഫ്റ്റി ബാങ്ക് 587 പോയിന്റ് അഥവാ രണ്ട് ശതമാനം ഉയര്‍ന്ന് 29,181.30 ലെത്തി. നിഫ്റ്റി മെറ്റല്‍ 2.5 ശതമാനം ഉയര്‍ന്ന് 2,761 ലെവലിലേക്കും എത്തി.
കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകളെ തുടര്‍ന്ന്, ചൊവ്വാഴ്ച ഏഷ്യന്‍ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും താല്‍ക്കാലികമായി റെക്കോര്‍ഡ് മുന്നേറ്റം നടത്തുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങള്‍ കൊറോണ വൈറസ് വ്യാപാനം തടയുന്നതിനായുളള നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് ഓഹരികള്‍ താഴേക്ക് നീങ്ങി. ഒപെക്കും സഖ്യകക്ഷികളും എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ച തീരുമാനം കുറഞ്ഞത് മൂന്ന് മാസമെങ്കിലും നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ക്രൂഡ് വിപണിയില്‍ അനുകൂല വികാരത്തിന് കാരണമായി.