
രാം നവമി ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഓഹരി വിപണിയ്ക്ക് ഇന്ന് അവധി. അതിനാൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്‌ഇ) ഇന്ന് വ്യാപാരങ്ങൾക്കായി തുറക്കില്ല. ഏപ്രിൽ 3 വെള്ളിയാഴ്ച വിപണികൾ വ്യാപാരം പുനരാരംഭിക്കും. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനമായ ഇന്നലെ വിപണി നഷ്ടത്തിലാണ് തുടങ്ങിയതും അവസാനിച്ചതും. എൻഎസ്‌ഇ നിഫ്റ്റി 50 സൂചിക 4 ശതമാനം ഇടിഞ്ഞ് 8,253.8 ലും എസ് ആന്റ് പി ബിഎസ്‌ഇ സെൻസെക്സ് 4.08 ശതമാനം കുറഞ്ഞ് 28,265.31 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക്, ഐടി ഓഹരികൾക്കാണ് ഇന്നലെ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ടെക് മഹീന്ദ്ര ഓഹരികൾ 9.21 ശതമാനം ഇടിഞ്ഞ് 512 രൂപയിലെത്തി. കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ 8.81 ശതമാനം ഇടിഞ്ഞ് 1,182 രൂപയിലെത്തി. ടിസിഎസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക് എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. ഹീറോ മോട്ടോകോർപ്പ്, ഗ്രാസിം, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, യെസ് ബാങ്ക്, ടൈറ്റൻ കമ്പനി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
2020 ലെ പുതുവർഷത്തിൽ ദലാൽ സ്ട്രീറ്റിലെ ഓഹരി വിപണി വ്യാപാരികൾക്ക് കുറഞ്ഞ അവധി ദിനങ്ങൾ മാത്രമേ ലഭിക്കൂ. രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെയും വ്യാപാര കലണ്ടർ അനുസരിച്ച് ശനിയാഴ്ചയും ഞായറാഴ്ചയും കൂടാതെ, 2020 ൽ 12 ദിവസങ്ങളിൽ മാത്രമാണ് അടച്ചിടുക. അതേസമയം 2019 ൽ 17 ദിവസം വിപണികൾക്ക് അവധി ലഭിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യ പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദുർബലമായ ആരോഗ്യസംരക്ഷണ സംവിധാനം കണക്കിലെടുക്കുമ്പോൾ, കേസുകളുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെങ്കിൽ വൻ ദുരന്തം നേരിടേണ്ടി വന്നേക്കാം. ഇത് നിക്ഷേപകരുടെ ആശങ്കകളും വർദ്ധിപ്പിക്കുന്നുണ്ട്. വിപണിയിലെ തുടർച്ചയായ ഇടിവിനും ഇത് കാരണമാകുന്നു. കൊറോണ വൈറസ് വ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ഭീതിയില്‍ വിദേശ നിക്ഷേപകരും ഇന്ത്യന്‍ വിപണികളില്‍ നിന്നും പിന്‍വലിയാന്‍ തുടങ്ങി. മാര്‍ച്ചില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ( എഫ്പിഐ) രാജ്യത്തെ മൂലധന വിപണിയില്‍ നിന്നും പിന്‍വലിച്ചത്.