ബിഎസ്എന്‍എല്‍ 4ജി വിദൂര സ്വപ്‌നമാകുമോ? ആഗോള ടെണ്ടറിന് അനുമതിയില്ല

November 23, 2020 |
|
News

                  ബിഎസ്എന്‍എല്‍ 4ജി വിദൂര സ്വപ്‌നമാകുമോ? ആഗോള ടെണ്ടറിന് അനുമതിയില്ല

രാജ്യത്തെ കമ്പനികളില്‍ നിന്നുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രയോജനപ്പെടുത്തി 4ജി സേവനം നല്‍കണമെന്ന് ബിഎസ്എന്‍എലിനോട് ടെലികോം വകുപ്പിന്റെ ടെക്നിക്കല്‍ കമ്മിറ്റി നിര്‍ദേശിച്ചു. ബിഎസ്എന്‍എലിന്റെ 4ജി ടെണ്ടറിന്റെ നിബന്ധനകള്‍ തീരുമാനിക്കാന്‍ രൂപീകരിച്ച സമിതിയാണ് രാജ്യത്തെ നിര്‍മാതാക്കളെ മാത്രം ഉള്‍പ്പെടുത്തി സംവിധാനമൊരുക്കിയാല്‍ മതിയെന്ന തീരുമാനമെടുത്തത്.

മെയ്ക്ക് ഇന്‍ ഇന്ത്യ നയം ലംഘിച്ചുവെന്ന് രാജ്യത്തെ കമ്പനികള്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നേരത്തെയുള്ള ടെണ്ടര്‍ ബിഎസ്എന്‍എല്‍ റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ടെക്നിക്കല്‍ സമിതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടറില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശമുണ്ടായത്. അതേസമയം, ടെലികോം വകുപ്പിന്റെ നിര്‍ദേശം കരാര്‍ നടപടികള്‍ വൈകിപ്പിക്കുമെന്നാണ് വിമര്‍ശനമുയരുന്നത്. ടെണ്ടര്‍ റദ്ദാക്കിയതിലൂടെ രാജ്യത്ത് 4ജി സേവനം നല്‍കാന്‍ ആറുമാസത്തിലധികം കാലതമാസം വരുത്തിയതിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന ബിഎസ്എന്‍എലിന്റെ വാദവും സമിതി നിരസിച്ചു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ച ഉത്പന്നമെന്നതിന് നിര്‍വചനംനല്‍കണമെന്നും ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തേജസ് നെറ്റ് വര്‍ക്ക്, ടെക് മഹീന്ദ്ര, സി-ഡോട്ട്, വിഎന്‍എല്‍, എച്ച്എഫ്സിഎല്‍ തുടങ്ങിയ രാജ്യത്തെ ടെലികോം നിര്‍മാതാക്കള്‍ക്ക് ഗുണകരമാകുന്നതാണ് തീരുമാനം. അതേസമയം, നേരത്തെ ബിഎസ്എന്‍എലിന് ഉത്പന്നങ്ങള്‍ വിതരണംചെയ്തിരുന്ന എറിക്സണ്‍, നോക്കിയ, സെഡ്ടിഇ തുടങ്ങിയ ആഗോള കമ്പനികള്‍ക്ക് തീരുമാനം തിരിച്ചടിയാകുകയും ചെയ്യും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved