
ന്യൂഡല്‍ഹി: രാജ്യത്തെ ഏക പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ നഷ്ടം പെരുകുന്നതായി റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്ലിന്റെ നഷ്ടം 14,.000 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കമ്പനിയുടെ ആകെ വരുമാനമായി 2018-2019 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത് 19,308 കോടി രൂപയുമാണ്. കമ്പനിയുടെ 75 ശതമാനം തുകയും ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ഐടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് ലോകസ്ഭയില്‍ വ്യക്തമാക്കുകയും ചെയ്തു.ബാക്കി വരുന്ന തുക വിവിധ കമ്പനികള്‍ക്ക് നല്‍കാനുള്ള വായ്പയിനത്തിലും അടച്ച് തീര്‍ക്കുന്നുണ്ടെന്നാണ് വിവരം.
2015-2016 സാമ്പത്തിക വര്‍ഷത്തിന് ശേഷം കമ്പനിയുടെ നഷ്ടം വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2015-2016 സാമ്പത്തിക വര്‍ഷം 4,859 കോടി രൂപയും, 2016-2017 സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്ലിന്റെ നഷ്ടം 7,993 കോടി രൂപയും, 2019-2020 സാമ്പത്തിക വര്‍ഷം 14,202 കോടി രൂപയായും വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ആകെ നഷ്ടത്തില്‍ ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റമാണ് ബിഎസ്എല്ലിനെ നഷ്ടത്തിലേക്കെത്തിച്ചതെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. 4ജി വേനത്തിലൂടെ ജിയോ അടക്കമുള്ള കമ്പനികള്‍ നടപ്പിലാക്കുന്ന ഓഫറുകള്‍ ബിഎസ്എന്‍എല്ലിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
അതേ സമയം കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി അനുവദിച്ച 2000 കോടി രൂപയില്‍ നിന്ന് 750 കോടി രൂപയോളം ജവനക്കാരുടെ ജൂണ്‍ മാസത്തിലെ ശമ്പളത്തിന് വേണ്ടി വിനിയോഗിച്ചു. 800 കോടി രൂപ വായ്പ ഇനത്തിന് വേണ്ടി ചിലവാക്കും. ബാക്കി വരുന്ന തുക കമ്പനിയുടെ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുംമെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരിക്കുന്നത്.ബിഎസ്എന്‍എല്ലിന്റെ ആകെ സാമ്പത്തിക ബാധ്യത 15000 കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ ബിഎസ്എല്ലിന് കൂടുതല്‍ സഹായം ആവശ്യമാണന്നറിയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന്റെ കാര്യത്തില്‍ മെല്ലെപോക്ക് നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ച് വരുന്നത്.