
കൊച്ചി: ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍, സ്വകാര്യ കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരം എന്നിവയ്ക്കിടയിലും പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ കടപ്പത്രങ്ങളുടെ വില്പനയിലൂടെ 8,500 കോടി രൂപ സമാഹരിച്ചു. 229 നിക്ഷേപകരില്‍ നിന്നായി 17,183.10 കോടി രൂപയുടെ അപേക്ഷകള്‍ ലഭിച്ചു. അതായത് 200 ശതമാനത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐസിഐസിഐ പ്രൈമറി ഡീലേഴ്സ് എന്നിവരാണ് പണം മുടക്കിയ പ്രധാന നിക്ഷേപക സ്ഥാപനങ്ങള്‍. ദേശീയ പെന്‍ഷന്‍ സ്‌കീമും (എന്‍പിഎസ്) കടപ്പത്രങ്ങള്‍ വാങ്ങി. പത്ത് വര്‍ഷക്കാലാവധിയില്‍ പുറത്തിറക്കിയ കടപ്പത്രങ്ങള്‍ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
3,700 കോടി രൂപയുടെ സബ്സ്‌ക്രിപ്ഷന്‍ നേടിയത് നിക്ഷേപക സ്ഥാപനങ്ങളാണ്. ഇതില്‍ എസ്ബിഐയും ഐസിഐസിഐ പ്രൈമറിയും 1,500-1,600 കോടി രൂപ വീതം നിക്ഷേപിച്ചു. സര്‍ക്കാര്‍ ഗാരന്റിയുള്ള അണ്‍സെക്യൂര്‍ഡ് ആയ കടപ്പത്രങ്ങള്‍ ഓഹരികളാക്കി മാറ്റാനാകാത്തതാണ്. പുതിയ നിക്ഷേപ സമാഹരണത്തിലൂടെ ഇന്ത്യന്‍ ടെലികോം രംഗത്ത് വിപണി വിഹിതം വീണ്ടെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കടപ്പത്രങ്ങള്‍ വഴി സമാഹരിച്ച പണം വായ്പ തിരിച്ചടയ്ക്കുന്നതിനും മൂലധനം വര്‍ധിപ്പിക്കുന്നതിനും വേണ്ടി വിനിയോഗിക്കും.