
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു മുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ബിഎസ്എന്‍എലിനും കേന്ദ്രത്തിന്റെ അനുമതി. 2020 മാര്‍ച്ചിലാണ് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനു കേന്ദ്രം അംഗീകാരം നല്‍കിയത്. ഉപഗ്രഹ പങ്കാളിയായ ഇന്‍മര്‍സാറ്റുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് നല്‍കുക. ഇന്‍മര്‍സാറ്റിനു കീഴിലുള്ള ജിഎക്‌സ് ഏവിയേഷന്‍ സര്‍വീസാണ് പല വിമാനക്കമ്പനികളിലും വൈഫൈ സൗകര്യം നല്‍കുന്നത്. സ്‌പൈസ്‌ജെറ്റ് നിലവില്‍ ജിഎക്‌സുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
ഭൂമിയില്‍ നിന്ന് 3,000 മീറ്റര്‍ ഉയരത്തിനു മുകളിലാണ് ഇന്‍ഫ്‌ലൈറ്റ് ഇന്റര്‍നെറ്റ് നല്‍കാന്‍ അനുമതിയുള്ളത്. ഭൂതല മൊബൈല്‍ ശൃംഖലകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നിബന്ധന. റിലയന്‍സ് ജിയോ അടക്കമുള്ള കമ്പനികള്‍ക്ക് വിമാന ഇന്റര്‍നെറ്റ് ലൈസന്‍സുണ്ട്. 250 എംബി ഇന്റര്‍നെറ്റ്, 100 മിനിറ്റ് കോള്‍, 100 എസ്എംഎസ് എന്നിവയ്ക്ക് ജിയോ ഈടാക്കുന്നത് 499 രൂപയാണ്. 1 ജിബിക്ക് 999 രൂപയും.