കടുപ്പിച്ച് ബിഎസ്എന്‍എല്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫോണ്‍ ബില്ലില്‍ നല്‍കി വരുന്ന ഇളവ് വര്‍ധിപ്പിച്ചു

January 18, 2021 |
|
News

                  കടുപ്പിച്ച് ബിഎസ്എന്‍എല്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫോണ്‍ ബില്ലില്‍ നല്‍കി വരുന്ന ഇളവ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഫോണ്‍ ബില്ലില്‍ നല്‍കി വരുന്ന ഇളവ് അഞ്ചില്‍ നിന്ന് 10 ശതമാനമാക്കി ബിഎസ്എന്‍എല്‍ വര്‍ധിപ്പിച്ചു. ലാന്‍ഡ് ഫോണുകള്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനായ എഫ്ടിടിഎച്ചിനും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തില്‍ വരിക.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അര്‍ഹരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ബിഎസ്എന്‍എല്ലില്‍ സമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവര്‍ പെന്‍ഷന്‍ ബുക്കിന്റെ പകര്‍പ്പാണ് സമര്‍പ്പിക്കേണ്ടത്.

2008-ലാണ് ആദ്യമായി ജീവനക്കാര്‍ക്ക് ബില്ലില്‍ ഇളവ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന്. 2013-ല്‍ ഇത് 10 ശതമാനത്തിലേക്കും 2015-ല്‍ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. അതാണ് ഇപ്പോള്‍ 10 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം ബിഎസ്എന്‍എലിന് 4ജി സേവനം ഇല്ലാത്തത് കേരളത്തിന്റെ വികസനത്തിന് തടസ്സമാവുന്നതായി കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. കേരളത്തില്‍ 4ജി സേവനത്തിനായി 700 ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ (ബി.ടി.എസ്.) ബിഎസ്എന്‍എല്‍ സ്ഥാപിക്കാന്‍ പോകുന്നതായി അറിയുന്നു. എങ്കിലും, അവ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമല്ല. കോവിഡ് കാലത്ത് വേഗമുള്ള ഡാറ്റാ ട്രാന്‍സ്മിഷന്‍ സാധ്യമാകാത്തതിനാല്‍ വലിയ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നോളജ് ഇക്കോണമി എന്ന നിലയില്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമാണ്- മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 4ജി സേവനം ആവശ്യപ്പെട്ട് ആദ്യമായാണ് ഒരു മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിലേക്ക് കത്തയയ്ക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved