
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ അവതരിപ്പക്കും. സാധാരണക്കാര്‍ക്ക് വേണ്ടിയും, ചെറുകിട-ഇടത്തരം സംഭരഭകര്‍ക്ക് വേണ്ടിയും ബജറ്റില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുകയെന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തിക ലോകം. ജിഡിപി വളര്‍ച്ചാ നിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതികളാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക.
2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണ്. കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമാണ് ജിഡിപി നിരക്കില്‍ ഇടിവ് വരാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കാര്‍ഷിക നിര്‍മ്മാണ മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കാണുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതികള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കാനും ബജറ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതേസമയം പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ തുക ബജറ്റില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകളുടെ വായ്പാ ശേഷി വര്‍ധിപ്പിക്കാനും, മൂലധന ശേഷി വര്‍ധിപ്പിക്കാനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ കൂടുതല്‍ തുക നീക്കിവെച്ചിട്ടുള്ളത്. നിക്ഷേപ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയിട്ടുള്ള ബജറ്റാകും കേന്ദ്രസര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക.