
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി കാരണം കേന്ദ്രത്തിന്റെ ചിലവുകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പുതിയ കൊവിഡ്-19 സെസ് എര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു. സെസ് രൂപത്തില്‍ വേണോ അതോ സര്‍ചാര്‍ജ് രൂപത്തില്‍ മതിയോ കൊവിഡ്-19 നികുതിയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ വരും. കൊവിഡ്-19 സെസിനുള്ള ആലോചന നടക്കുന്ന കാര്യം ഇക്കണോമിക്സ് ടൈംസാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉയര്‍ന്ന വരുമാനപരിധിയില്‍പ്പെടുന്നവരില്‍ നിന്നായിരിക്കും കൊവിഡ്-19 സെസ് ഇടാക്കുക. ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണ്. ഒപ്പം ഏതാനും പരോക്ഷ നികുതിയിലും കൊവിഡ്-19 സെസ് ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ഒരുപക്ഷെ പെട്രോളിനും ഡീസലിനും കൊവിഡ്-19 സെസ് ബാധകമാകും. പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തില്‍ ഇപ്പോഴുള്ള എക്സൈസ് തീരുവയ്ക്കൊപ്പം കൊവിഡ്-19 സെസ് ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍.
പുതിയ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധകുത്തിവെയ്പ്പിനുള്ള എല്ലാ ചിലവുകളും കേന്ദ്രമായിരിക്കും വഹിക്കുക. ഇതേസമയം വാക്സിനുകളുടെ വിതരണം, കുത്തിവെയ്പ്പ് നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, വാക്സിനുകള്‍ അതാത് സ്ഥലങ്ങളില്‍ എത്തിക്കുക മുതലായ ഉത്തരവാദിത്വങ്ങള്‍ സംസ്ഥാനങ്ങള്‍ പങ്കിടും. നികുതി വര്‍ധിപ്പിക്കുന്നതിനെക്കാള്‍ സെസ് ഏര്‍പ്പെടുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന് എളുപ്പം. കാരണം സെസില്‍ നിന്നുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ട ആവശ്യം കേന്ദ്രത്തിനില്ല. കേന്ദ്ര സെസ് കേന്ദ്ര ഖജനാവിലേക്കുതന്നെ എത്തും.
പ്രാഥമിക നിഗമനം പ്രകാരം കൊവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാന്‍ 60,000 കോടി മുതല്‍ 65,000 കോടി രൂപ വരെയാണ് കേന്ദ്രത്തിന് ചിലവ് വരിക. ജനുവരി 16 മുതല്‍ കൊവിഡ് പ്രതിരോധകുത്തിവെയ്പ്പ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ രാജ്യത്തെ മൂന്നു കോടി ആരോഗ്യപ്രവര്‍ക്കര്‍ക്കും മുന്‍നിര തൊഴിലാളികള്‍ക്കുമാണ് പ്രഥമ പരിഗണന ലഭിക്കുക.
അടുത്തിടെയാണ് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ രണ്ടു കൊവിഡ് വാക്സിനുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഓക്സ്ഫഡ് കൊവിഡ്ഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും ഇതില്‍പ്പെടും. ഇരു വാക്സിനുകളും സുരക്ഷിതമാണെന്ന് തെളിയിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു.