ബജറ്റ് ഒരുക്കങ്ങളുമായി കേന്ദ്രം; മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

December 31, 2021 |
|
News

                  ബജറ്റ് ഒരുക്കങ്ങളുമായി കേന്ദ്രം; മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

കഴിഞ്ഞ വര്‍ഷവും ഫെബ്രുവരി ആദ്യ ദിവസമാണ് ധനമന്ത്രി പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇത്തവണയും പതിവ് തെറ്റില്ല. 2022 ഫെബ്രുവരി ഒന്നിന് രാവിലെ ഏകദേശം 11 മണിക്ക് 2022-23ലെ നിര്‍ണായക കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം വട്ടം അധികാരത്തില്‍ എത്തിയ ശേഷം അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണിത്.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഡിസംബര്‍ 15 മുതല്‍ വിവിധ ഓഹരി ഉടമകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബജറ്റിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക സ്ഥിതി വഷളാണെന്ന് ചൂണ്ടിക്കാട്ടി ജിഎസ്ടി നഷ്ടപരിഹാരം നീട്ടി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2022 ജൂണ്‍ വരെയാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇത് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നീട്ടി നല്‍കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. കൊവിഡ് മൂലമുള്ള വരുമാന നഷ്ടവും ഉയരുന്ന പൊതുകടവുമാണ് മറ്റ് പ്രതിസന്ധികള്‍.

ധനമന്ത്രിയുമായുള്ള പ്രീ-ബജറ്റ് മീറ്റിംഗില്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണമെന്നും ഉയരുന്ന മൂലധനച്ചെലവുകള്‍ക്ക് സഹായം വേണമെന്നും വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിനൊപ്പം രാജസ്ഥാന്‍, തമിഴ്നാട്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ജിഎസ്ടി നികുതി സമ്പ്രദായം നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടം ഉണ്ടായതായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. വരും വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഏകദേശം 5,000 കോടി രൂപയുടെ വരുമാന നഷ്ടം ഇണ്ടായേക്കം. ഇ നഷ്ടം നികത്താന്‍ കേന്ദ്രം പ്രത്യേക ക്രമീകരണങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ആണ് ജിഎസ്ടി നഷ്ടപരിഹാര ഗ്രാന്റ് ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. 2022 ജൂണിനു ശേഷമുള്ള അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നഷ്ട പരിഹാരം നല്‍കുന്നത് തുടരണം എന്നാണ് വാദം.

2017 ജൂലായ് 1-ന് ജിഎസ്ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ അഞ്ച് വര്‍ഷത്തേക്ക് ആണ് നഷ്ട പരിഹാരം പ്രഖ്യാപിച്ചിരുന്നത്. ഇതിനായി ആഡംബര വസ്തുക്കള്‍ക്കും മറ്റും നഷ്ടപരിഹാര സെസ് ഏര്‍പ്പെടുത്തിയിരുന്നു. എന്തായാലും സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറഞ്ഞെന്നും സഹായം ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധിയില്‍ ആകുമെന്നുമാണ് മിക്ക സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് മൂലമുള്ള സാമ്പത്തിക നഷ്ടം നികത്താന്‍ നടപടികള്‍ വേണമെന്നും നികുതി നിരക്കുകള്‍ കുറയ്ക്കണമെന്നും സംസ്ഥാനങ്ങള്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved