
ന്യൂഡല്‍ഹി: ബജറ്റിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഉയര്‍ന്നു വരുന്നത്. വിപണിയിലെ വിവിധ അഭിപ്രായങ്ങള്‍ പരിശോധിക്കാം. പല തരത്തിലും മികച്ചതായി അനുഭവപ്പെടുന്ന ഒരു ബജറ്റാണ് ഇത്തവണത്തേത് എന്നായിരുന്നു 'സബ്-കെ' സിഇഒ ശശിധര്‍ അഭിപ്രായപ്പെട്ടത്. ആരോഗ്യവും ക്ഷേമവും, സമഗ്രവികസനം, മനുഷ്യ മൂലധനം, പുതിയ ചിന്തകള്‍, റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് എന്നിവയിലൂടെ ശക്തമായ സമ്പദ്വ്യവസ്ഥയുടെ പാത സ്ഥാപിക്കുന്നതിന് പുറമെ, ഇത് ന്യായമായ സന്തുലിതാവസ്ഥ കൂടി കൈവരിക്കുന്നു. മറ്റേത് പ്രധാനപ്പെട്ട സമ്പദ്‌വ്യവസ്ഥയേയും പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 75 ഡിജിറ്റല്‍ ബാങ്കുകള്‍ സ്ഥാപിക്കുക, എംഎസ്എംഇകള്‍ക്കായി ഒരു സംയോജിത പോര്‍ട്ടല്‍, പോസ്റ്റ് ഓഫീസുകളുടെ 100 ശതമാനം ഡിജിറ്റലൈസേഷന്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി എന്നിവ ഈ ദിശയിലുള്ള സ്വാഗതാര്‍ഹമായ നീക്കങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജറ്റ് പുരോഗമനപരമെന്നാണ് 'ലോണ്‍ടാപ്പിന്റെ' സിഎഫ്ഒ ആയ ആശിഷ് ജെയിന്‍ പറഞ്ഞത്. ഫിന്‍ടെക്, ഇവികള്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള എല്ലാ പ്രധാന പ്രതീക്ഷകളെയും അഭിസംബോധന ചെയ്യുന്നതായിരുന്നു ബജറ്റെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംരംഭ മൂലധനമായോ സ്വകാര്യ ഇക്വിറ്റികളായോ ഫണ്ടുകള്‍ നല്‍കുന്നത് പരിശോധിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ വയ്ക്കുന്നത് സ്വാഗതതാര്‍ഹമായ ഒരു നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
സമാനമായ പ്രതികരണം തന്നെയാണ് 'ഏര്‍ലി സാലറി' സിഇഒ ആയ അക്ഷയ് മല്‍ഹോത്രയും നടത്തിയിരിക്കുന്നത്. ഡിജിറ്റല്‍ അംഗീകാരത്തെയാണ് ബജറ്റ് 2022 പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു. സാമ്പത്തിക ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രതികരിച്ചു. ഇത് പ്രധാനമായും മധ്യവര്‍ഗത്തിനാണ് ഉപകാരപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ് ഓഫീസിനെ കോര്‍ ബാങ്കിങ് സമ്പ്രദായത്തിലേക്ക് എത്തിച്ചതിന് എല്ലാ ഇന്ത്യാക്കാര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ബജറ്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ പ്രായോഗികവും യാഥാസ്ഥിതികവും വളര്‍ച്ചാ കേന്ദ്രീകൃതവുമാണെന്നാണ് അഷിക വെല്‍ത്ത് മാനേജ്‌മെന്റ് സഹസ്ഥാപകനും സിഇഒയുമായ അമിത് ജെയിന്‍ അഭിപ്രായപ്പെട്ടത്. 2040-ഓടെ ഇന്ത്യ ഒരു സ്വാശ്രയ സമ്പദ്വ്യവസ്ഥയാകണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ രൂപ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ അഭിമാനമായിരിക്കും. ഇത് ഇന്ത്യയെ പാശ്ചാത്യ ലോകത്തിന്റെ ഉന്നത നിലവാരത്തിന് തുല്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.