
സംസ്ഥാനത്ത് കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരാന്‍ തീരുമാനിച്ചതായി ധനമന്ത്രി വ്യക്തമാക്കി. നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. 50 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കിറ്റിന് പുറമേയാണ് ഈ അധിക അരി വിതരണം.
ഭക്ഷ്യ സബ്‌സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഭക്ഷ്യ സുരക്ഷയ്ക്ക് 40 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് അഞ്ചര കോടി കിറ്റ് വിതരണം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പുതുതായി പട്ടികയില്‍ ചേര്‍ക്കും. ജോലിയില്ലാത്തവരും വരുമാനമാര്‍ജിക്കാന്‍ ശേഷിയില്ലാത്തവരുമായവര്‍ക്ക് നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ക്കായി അഞ്ചു വര്‍ഷം കൊണ്ട് 6000-7000 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 31 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി. ബ്രാന്‍ഡഡ് കാപ്പിക്കുരുവിന് തറവില 90 രൂപയാക്കിയിട്ടുണ്ടെന്നും കോഫി വൈന്‍ഡിങ് മെഷിന്‍ സ്ഥാപിക്കാന്‍ കുടുംബശ്രീക്ക് 20 കോടി രൂപ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.