
മുംബൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഇത് പൂര്‍ത്തിയാകുന്നതോടെ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ദൂരം വെറും രണ്ട് മണിക്കൂര്‍ യാത്രയുടേതാകും. എന്തായാലും പദ്ധതിയെ കുറിച്ചുള്ള ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പദ്ധതിയുടെ ആദ്യത്തെ ഔദ്യോഗിക ചിത്രങ്ങള്‍ ജപ്പാന്‍ എംബസി പുറത്ത് വിട്ടു.
ജപ്പാന്റെ ബുള്ളറ്റ് ട്രെയിന്‍ അറിയപ്പെടുന്നത് ഇ5 സീരീസ് ഷിന്‍കാന്‍സെന്‍ എന്നാണ്. ഇതിന്റെ ഔദ്യോഗിക ചിത്രമാണ് ജപ്പാന്‍ എംബസി പുറത്ത് വിട്ടിട്ടുള്ളത്. ഇതായിരിക്കും മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പ്രൊജക്ടിന്റെ 'റോളിങ് സ്റ്റോക്ക്' ആയി പരിവര്‍ത്തനം ചെയ്യുക. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം. 2023 ല്‍ പദ്ധതി പൂര്‍ത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 508 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
മണിക്കൂറില്‍ 320 കിലോമീറ്റര്‍ ആയിരിക്കും ബുള്ളറ്റ് ട്രെയിനിന്റെ ശരാശരി വേഗം. പരമാവധി വേഗം മണിക്കൂറില്‍ 350 കിലോമീറ്ററും. എന്തായാലും പദ്ധതി പൂര്‍ത്തിയായാല്‍ രണ്ട് മണിക്കൂറുകൊണ്ട് മുംബൈയില്‍ നിന്ന് അഹമ്മദാബാദില്‍ എത്താന്‍ പറ്റും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പ്രൊജക്ട് പ്രാവര്‍ത്തികമാക്കാന്‍ ഒരു എസ്പിവി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) തന്നെ രൂപീകരിച്ചിട്ടുണ്ട്- നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വമ്പന്‍ പദ്ധതിയാകുമ്പോള്‍ വന്‍ പണച്ചെലവും സ്വാഭാവികമാണല്ലോ. മൊത്തെ ഒരുലക്ഷത്തി എണ്ണായിരം കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയെ സംബന്ധിച്ച് ഉയര്‍ന്നതുപോലെയുള്ള ചില ചോദ്യങ്ങള്‍ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ കുറിച്ചും ഉയര്‍ന്നിട്ടുണ്ട്.
ബുള്ളറ്റ് ട്രെയിനിന് വേണ്ടി പ്രത്യേക പാത തന്നെയാണ് ഒരുക്കുന്നത്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ ഇതുവരെ പദ്ധതിയ്ക്കാവശ്യമായ ഭൂമിയുടെ 82 ശതമാനവും ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ മഹാരാഷ്ട്രയില്‍ വെറും 23 ശതമാനമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ഗുജറാത്തില്‍ 1,380 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മഹാരാഷ്ട്രയില്‍ 431.2 ഹെക്ടറും. കേന്ദ്രഭരണ പ്രദേശമായ ദാദര്‍ ആന്റ് ഹവേലിയില്‍ 8.7 ഹെക്ടര്‍ സ്ഥലവും പദ്ധതിയ്ക്കായി ഏറ്റെടുക്കണം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ സി-6 പാക്കേജിന്റെ നിര്‍മാണ കരാര്‍ അടുത്തിടെ ആയിരുന്നു എല്‍ ആന്റ് ടിയ്ക്ക് നല്‍കിയത്. ഏഴായിരം കോടിയുടേതായിരുന്നു നിര്‍മാണ കരാര്‍. 87.57 കിലോമീറ്റര്‍ സ്ട്രച്ചിന്റെ നിര്‍മാണക്കരാര്‍ ആണിത്.