
ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ ഓഹരികള്‍ ഇന്ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ശക്തമായ അരങ്ങേറ്റം നടത്തി. ഇഷ്യു വില 60 രൂപയായിരുന്ന ബര്‍ഗര്‍ കിംഗ് ഓഹരി വില ഏകദേശം 119 രൂപയായി ഉയര്‍ന്നു. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ച 810 കോടി രൂപയുടെ ബര്‍ഗര്‍ കിംഗ് ഐപിഒ ഡിസംബര്‍ 2 ന് ഒരു ഓഹരിക്ക് 59-60 രൂപ എന്ന നിരക്കിലാണ് സബ്‌സ്‌ക്രിപ്ഷനായി തുറന്നത്.
നിലവില്‍, ബര്‍ഗര്‍ കിംഗ് ഓഹരികള്‍ എന്‍എസ്ഇയില്‍ 110 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. പ്രാരംഭ ഓഹരി വില്‍പനയില്‍ ഡിസംബര്‍ 2 ന് സബ്സ്‌ക്രിപ്ഷന്‍ ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരികള്‍ വിറ്റഴിഞ്ഞിരുന്നു. 450 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഐപിഒയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബര്‍ഗര്‍ കിംഗ് ഇന്ത്യ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 364.5 കോടി രൂപ സമാഹരിച്ചു. അതേസമയം, ബ്രെഡ്, ബിസ്‌ക്കറ്റ് നിര്‍മാതാക്കളായ മിസ്സിസ് ബെക്ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റീസ് ഐപിഒ ഡിസംബര്‍ 15 ന് മൂലധന വിപണികളില്‍ എത്തും. ഡിസംബര്‍ 17 ന് അവസാനിക്കും.