
തിരുവനന്തപുരം: കോവിഡ് മൂലം കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയെങ്കിലും അതിന് പകരമായി ദീര്‍ഘ ദൂരത്തെ കണക്ട് ചെയ്ത് റിലേ സര്‍വീസുകള്‍ തുടങ്ങാന്‍ തീരുമാനം. നിലവില്‍ സമീപ ജില്ലകളിലേക്ക് ഓര്‍ഡിനറി മാത്രമാണ് സര്‍വീസ്. ഇത് യാത്രക്കാരെ വലയ്ക്കുന്നുവെന്നാണ് പൊതുവെ പരാതി. ഇതിന് പരിഹാരം കാണാനാണ് റിലേ സര്‍വീസുകള്‍.
സൂപ്പര്‍ ഫാസ്റ്റുകളാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകേണ്ട യാത്രക്കാരന് നിലവില്‍ ഓര്‍ഡിനറി ബസില്‍ ആലപ്പുഴയിലോ കൊല്ലത്തോ ഇറങ്ങി അടുത്ത ഓര്‍ഡിനറിയില്‍ പോകണം. ഓരോ സ്ഥലത്തും ഏറെ നേരം ചെലവിടേണ്ടിവരുകയും ചെയ്യുന്നു. റിലേ പദ്ധതി വരുമ്പോള്‍ തിരുവനന്തപുരത്ത് നിന്ന് സൂപ്പര്‍ ഫാസ്റ്റില്‍ എറണാകുളം ടിക്കറ്റ് തന്നെ ലഭിക്കും. സമീപ ജില്ലയില്‍ ഈ ബസ് എത്തുന്ന സമയം തന്നെ ഈ ബസിലെ യാത്രക്കാരുമായി എറണാകുളത്തേക്ക് പോകാന്‍ ആ ഡിപ്പോയില്‍ നിന്നും സൂപ്പര്‍ ഫാസ്റ്റ് ബസ് കാത്തു നില്‍ക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. അടുത്തയാഴ്ച റിലേ സര്‍വീസുകള്‍ ആരംഭിക്കും.
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് കെഎസ്ആര്‍ടിസിയില്‍ ബസ് ഓണ്‍ ഡിമാന്‍ഡ് (ബോണ്ട്) എന്ന പുതിയ സര്‍വീസ് രീതി ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ആദ്യം. കൊച്ചി, കോഴിക്കോട് ഡിപ്പോകളില്‍ തുടര്‍ന്ന് നടപ്പാക്കും. ഇരുചക്ര വാഹനത്തില്‍ സ്ഥിരമായി ഓഫിസുകളിലേക്ക് പോകുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതി. സെക്രട്ടറിയേറ്റ്,വികാസ് ഭവന്‍ ,കലക്ട്രേറ്റ് .ജലഭവന്‍, മെഡിക്കല്‍ കോളജ്, പിഎസ് സി തുടങ്ങി കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന ഓഫിസുകളിലേക്ക് പതിവായി രാവിലെയും വൈകിട്ടും ഈ വണ്ടികള്‍ ഓടും.
തിരുവനന്തപുരം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര , നെടുമങ്ങാട് ഡിപ്പോകളില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യം സര്‍വീസ്. ഇതിനായി സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ എല്ലാ ഓഫിസുകളില്‍ നിന്നും പതിവായി വരുന്നവരുടെ കണക്കെടുപ്പ് നടത്തും.. ഇവര്‍ക്ക് ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിന് അതത് സ്റ്റാന്‍ഡുകളില്‍ സ്ഥലം നല്‍കും. മാസം ചാര്‍ജ് ചെയ്യാവുന്ന പ്രീപെയ്ഡ് കാര്‍ഡാണ് ഇതില്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്.
പാര്‍ക്കിങിനും ദിവസവും അങ്ങോട്ടും ഇങ്ങോട്ടും യാത്രയ്ക്കും തുക നിശ്ചയിക്കും. പാര്‍ക്കിങ് സൗജന്യമാക്കുന്നതിനെപ്പറ്റിയും ആലോചിക്കുന്നു. സെക്രട്ടറിയേറ്റിലേക്കുള്ള യാത്രക്കാര്‍ കയറുന്ന ബസില്‍ തുടങ്ങുന്ന ഡിപ്പോയില്‍ നിന്ന് ബസ് എടുത്താല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ മാത്രമേ സ്റ്റോപ്പുണ്ടാകുകയുള്ളു. വേറെ എങ്ങും സ്റ്റോപ്പില്ല.
ദിവസവും ബൈക്ക് ഓടിക്കുന്നവര്‍ക്കുണ്ടാക്കുന്ന ശാരീരികപ്രശ്‌നങ്ങള്‍ അപകട സാധ്യതയൊക്കെ ജീവനക്കാരെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി കെഎസ്ആര്‍ടിസിയിലേക്ക് ക്ഷണിക്കുന്നതിനുമാണ് ആലോചന. 5,10,15,20 ,25 ദിവസങ്ങള്‍ക്ക് നിശ്ചിത തുക എന്ന രീതിയില്‍ താരിഫ് കാര്‍ഡ് ഇറക്കും. യാത്ര ചെയ്യുന്ന ദിവസം കൂടുന്തോറും തുക കുറയും. ഇതിന് പ്രീപെയ്ഡ് കാര്‍ഡും ഉണ്ടാക്കും. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ സര്‍വീസ് തുടങ്ങാനാണ് ആലോചന.