ദുബായിലെ എണ്ണയിതര സമ്പദ് വ്യവസ്ഥ മന്ദഗതിയില്‍; പിഎംഐയിലും ഇടിവ്

June 10, 2021 |
|
News

                  ദുബായിലെ എണ്ണയിതര സമ്പദ് വ്യവസ്ഥ മന്ദഗതിയില്‍; പിഎംഐയിലും ഇടിവ്

ദുബായ്: മെയ് മാസത്തില്‍ ദുബായിലെ എണ്ണയിതര സമ്പദ് വ്യവസ്ഥ വളര്‍ച്ച നിലനിര്‍ത്തിയെങ്കിലും ഏപ്രിലിനെ അപേക്ഷിച്ച് സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതായി പിഎംഐ ഡാറ്റ. ഉല്‍പ്പാദനവും പുതിയ ബിസിനസുകളും കൂടിയെങ്കിലും വളരെ മന്ദഗതിയിലുള്ള വളര്‍ച്ചയാണ് പ്രകടമായതെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ ദുബായുടെ പിഎംഐ (പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക) വ്യക്തമാക്കി. മാത്രമല്ല കഴിഞ്ഞ മാസം എമിറേറ്റില്‍ നിയമനങ്ങളിലും കുറവ് രേഖപ്പെടുത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രിലില്‍ ഉല്‍പ്പാദന നിരക്കുകള്‍ കൂടിയെങ്കിലും കഴിഞ്ഞ മാസം അത് വീണ്ടും കുറഞ്ഞതായി ദുബായുടെ ഏറ്റവും പുതിയ പിഎംഐ സൂചിപ്പിക്കുന്നു.

പതിനേഴ് മാസത്തിന് ശേഷം ഏപ്രിലില്‍ ദുബായുടെ പിഎംഐ 53.3 ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ മെയില്‍ ഇത് 51.6 ആയി കുറഞ്ഞു. എന്നിരുന്നാലും എമിറേറ്റിലെ ബിസിനസ് മേഖലയിലെ പ്രവര്‍ത്തന സാഹചര്യങ്ങള്‍ പത്ത് മാസത്തിനിടെയുള്ള ഏറ്റവും വേഗത്തിലുള്ള അഭിവൃദ്ധി പ്രകടമാക്കി. പിഎംഐയിലെ അഞ്ച് ഉപ സൂചികകളില്‍ നാലും ഏപ്രിലിനെ അപേക്ഷിച്ച് ദുര്‍ബലമായിരുന്നു. വിതരണക്കാരുടെ ഡെലിവറി സമയം മാത്രമാണ് നില മെച്ചപ്പെടുത്തിയത്. ഉല്‍പ്പാദനം, പുതിയ ഓര്‍ഡറുകള്‍ എന്നീ സൂചികകളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെ ഈ രണ്ട് സൂചികകളിലും 3.8 പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്.   

എണ്ണയിതര ബിസിനസ് സാഹചര്യങ്ങളില്‍ കൂടുതല്‍ ആധുനികമായ പുരോഗതി ആവശ്യമാണെന്നാണ് പിഎംഐയിലുള്ള ഇടിവ് സൂചിപ്പിക്കുന്നതെന്നും തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ ഉയര്‍ന്നതിന് ശേഷമാണ് ദുബായ് പിഎംഐ കഴിഞ്ഞ മാസം 53.5ല്‍ നിന്നും 51.6 ലേക്ക് വീണതെന്നും ഐഎച്ച്എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഓവെന്‍ പറഞ്ഞു. 2019 അവസാനത്തിന് ശേഷം ഏപ്രിലില്‍ ഉല്‍പ്പാദനം, പുതിയ ഓര്‍ഡര്‍ എന്നിവ ശക്തമായിരുന്നെങ്കിലും മെയില്‍ വളരെ ദുര്‍ബലമായ വളര്‍ച്ചയാണ് ഈ രണ്ട് വിഭാഗങ്ങളിലും രേഖപ്പെടുത്തിയതെന്നും ഓവെന്‍ കൂട്ടിച്ചേര്‍ത്തു. മാന്ദ്യത്തെ തുടര്‍ന്ന് മെയില്‍ കമ്പനികള്‍ക്ക് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കേണ്ടതായി വന്നു. പക്ഷേ മൊത്തത്തിലുള്ള തൊഴില്‍നഷ്ട നിരക്ക് കുറവായിരുന്നു.

Read more topics: # PMI, # പിഎംഐ,

Related Articles

© 2025 Financial Views. All Rights Reserved