പഴം, പച്ചക്കറി അടിസ്ഥാന വില പദ്ധതി ഉല്‍പന്നത്തിന്റെ ഗുണനിലവാരത്തിനനുസരിച്ച്

September 25, 2020 |
|
News

                  പഴം, പച്ചക്കറി അടിസ്ഥാന വില പദ്ധതി ഉല്‍പന്നത്തിന്റെ ഗുണനിലവാരത്തിനനുസരിച്ച്

കൊച്ചി: പഴം, പച്ചക്കറികള്‍ക്കു സര്‍ക്കാര്‍ നടപ്പാക്കുന്ന അടിസ്ഥാന വില പദ്ധതിയില്‍ ഉല്‍പന്നത്തിന്റെ ഗുണനിലവാര നിര്‍ണയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംഭരണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ മാത്രം അടിസ്ഥാനവില നല്‍കി സംഭരിക്കാനാണ് ആലോചന. പച്ചക്കറിയുടെയും പഴങ്ങളുടെയും മറ്റും ഗുണനിലവാരം എങ്ങനെ നിശ്ചയിക്കുമെന്നത് തീരുമാനിച്ചിട്ടില്ല. പച്ചക്കറിയുടെ വലുപ്പവും തൂക്കവും മികവിന് അടിസ്ഥാനമാക്കണമെന്നും, ഉല്‍പാദന രീതി പരിഗണിക്കണമെന്നും വാദങ്ങളുണ്ട്. കാര്‍ഷിക സര്‍വകലാശാലയുടെ അഭിപ്രായവും പരിഗണിക്കും.

പൈനാപ്പിള്‍, നേന്ത്രവാഴ തുടങ്ങി വന്‍തോതില്‍ നടത്തുന്ന കൃഷിക്ക് അടിസ്ഥാന വില പരിരക്ഷ നല്‍കണോ എന്നകാര്യത്തിലും തര്‍ക്കമുണ്ടായിരുന്നു. എത്ര ഏക്കര്‍ കൃഷി ചെയ്താലും പദ്ധതിയുടെ പ്രയോജനം നിശ്ചിത പരിധി സ്ഥലത്തു മാത്രമേ ലഭിക്കൂ എന്നതിനാല്‍ ഈ രണ്ടു വിളകളെക്കൂടി ഉള്‍പ്പെടുത്താമെന്നു തീരുമാനിക്കുകയായിരുന്നു. കൂടുതല്‍ പച്ചക്കറി കൃഷിയുള്ള കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നതിനാല്‍ കൃഷി വകുപ്പു ബജറ്റില്‍ തന്നെ പദ്ധതിക്കായി ഓരോ വര്‍ഷവും 110 കോടിരൂപ വകയിരുത്തും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറി കൊണ്ടുവന്നു പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാന്‍ കര്‍ശന നിബന്ധനകള്‍ സ്വീകരിക്കും.

കര്‍ഷകനോ, കര്‍ഷക ക്ലസ്റ്ററോ കൃഷി ഭൂമിയുടെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെ കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. കൃഷിയിടത്തിന്റെ ജിയോ ടാഗ് ചെയ്ത ഫോട്ടോ രണ്ടുവട്ടം അപ്ലോഡ് ചെയ്യണം. കൃഷി ഭവനില്‍ ഫീല്‍ഡ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇത് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

16 ഇനങ്ങള്‍ക്ക് സര്‍ക്കാര്‍ തറവില പ്രഖ്യാപിക്കുന്നതിന്റെ കരടു രൂപം മാത്രമാണ് തയാറാക്കിയതെന്നും, ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ നേരിയ മാറ്റം വരുമെന്നും കൃഷി വകുപ്പ് അറിയിച്ചു. തദ്ദേശധനകാര്യകൃഷി മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷമേ അന്തിമമായി തറവില നിശ്ചയിക്കുകയുള്ളൂവെന്നും കൃഷി വകുപ്പ് അറിയിച്ചു.

Related Articles

© 2020 Financial Views. All Rights Reserved