വീട്ടമ്മമാര്‍ക്കായി ചില ബിസിനസ് ഐഡിയകള്‍

January 10, 2020 |
|
News

                  വീട്ടമ്മമാര്‍ക്കായി ചില ബിസിനസ് ഐഡിയകള്‍

ആര്‍ക്കും പരീക്ഷിക്കാവുന്ന നിരവധി ബിസിനസ് അവസരങ്ങളുണ്ട്. വളരെ ചെറിയ രീതിയില്‍ തുടങ്ങി വിജയിക്കാവുന്ന കൊച്ചുകൊച്ചു ഐഡിയകളാണ് നമ്മള്‍ പരിചയപ്പെടുത്തുന്നത്. 

അലങ്കാര മത്സ്യകൃഷി 

അലങ്കാര മത്സ്യകൃഷി ഓര്‍ണമെന്റല്‍ ഫിഷ് വളര്‍ത്തുന്നത് ഇന്ന് എല്ലാവര്‍ക്കും ഹരമാണ്. ഒരു ചെറിയ അക്വേറിയം എങ്കിലും ഇല്ലാത്ത വീട് ഇന്ന് ചുരുക്കമാണ്. ഇതൊക്കെ കൊണ്ടുതന്നെ അലങ്കാര മത്സ്യകൃഷിയും വ്യാപിക്കുകയാണ്... വൃത്തിയുള്ള കുളമോ ചെറു ജലാശയമോ ഉണ്ടെങ്കില്‍ ആര്‍ക്കും ഈ ബിസിനസ്സിലേക്ക് വരാം. ഇതൊന്നുമില്ലെങ്കില്‍ പടുത ഉപയോഗിച്ച് ചെറുകുളമോ കോണ്‍ക്രീറ്റ് കൊണ്ട് ടാങ്കോ നിര്‍മിച്ചും അലങ്കാര മത്സ്യകൃഷി ആരംഭിക്കാം

ഫാന്‍സി, ജൂവലറി നിര്‍മാണം

ഫാന്‍സി ജൂവലറി നിര്‍മാണം പുതുപുത്തന്‍ ഫാഷന് അനുസരിച്ച് ഫാന്‍സി ആഭരണങ്ങള്‍ മാറി മാറി അണിയാന്‍ സ്ത്രീകള്‍ക്കെല്ലാം വളരെ ഇഷ്ടമാണ്.ടെലിവിഷന്‍ സീരിയലുകളിലും മറ്റും നായികമാര്‍ അണിയുന്ന മനം മയക്കുന്ന ഇത്തരം വളകളും മാലകളും കമ്മലുകളും വീട്ടിലിരുന്ന് ആര്‍ക്കും അനായാസം ഉണ്ടാക്കാമെന്ന് എത്രപേര്‍ക്ക് അറിയാം. ജൂവലറി മേക്കിങ് സാമഗ്രികളെല്ലാം കുറഞ്ഞ വിലയില്‍ ഇന്ന് കടകളില്‍ വാങ്ങാന്‍ കിട്ടും.അതില്‍ ഭാവന കൂടി കൂട്ടിക്കലര്‍ത്തി കോര്‍ത്തെടുത്താല്‍ ആകര്‍ഷകമായ ആഭരണങ്ങളായി. മുടക്കുമുതലിന്റെ അഞ്ചും ആറും ഇരട്ടി ലാഭത്തില്‍ ഇത് വിറ്റഴിക്കാം.

കൊണ്ടാട്ടം ഉല്‍പ്പാദനം

ഏത് പച്ചക്കറിയും കൊണ്ടാട്ടമാക്കി ഉപയോഗിക്കാം. ആര്‍ക്കും ഉച്ചയൂണിനൊപ്പം ഒരു കൊണ്ടാട്ടം കഴിക്കുന്നത് ഇഷ്ടമാകും.  പച്ചക്കറികള്‍ പുഴുങ്ങി ഉപ്പും തൈരും ചേര്‍ത്ത് ഉണക്കിയെടുത്തുണ്ടാക്കുന്ന കൊണ്ടാട്ടങ്ങള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡ് ആണ് കേരളത്തില്‍.  ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഇതേവരെ കൈയടക്കിയിട്ടില്ലാത്ത ഈ വിപണിയില്‍ വലിയ നേട്ടമുണ്ടാക്കുന്ന .നിരവധി വീട്ടമ്മമാര്‍ ഉണ്ട്. സ്വന്തം അടുക്കളയിലെ ഉപകരണങ്ങള്‍തന്നെ ഇതിനായി ഉപയോഗിക്കാം. പാക്കിങ് ആകര്‍ഷകമായിരിക്കണം. ഉത്പന്നങ്ങള്‍ക്ക് മികച്ച ഗുണമേന്മ ഉണ്ടായിരിക്കുകയും വേണം.

കൂണ്‍കൃഷി

വീട്ടിലെ ഒരു മുറി ഫ്രീ ആക്കി എടുക്കാമെങ്കില്‍ ആര്‍ക്കും തുടങ്ങാവുന്ന ഒന്നാണ് കൂണ്‍കൃഷി. വെജിറ്റേറിയന്‍സിന്റെ ഇഷ്ടവിഭവം കൂടിയാണിത്. ഒരു കിലോ കൂണിന് തീവിലയാണ് മാര്‍ക്കറ്റില്‍. രാസവസ്തുക്കള്‍ കൂണ്‍കൃഷിയില്‍ ഉപയോഗിക്കേണ്ടി വരില്ല. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് താല്‍പ്പര്യമുള്ള ഒന്നാണിത്. ആദ്യം സ്വന്തം ഉപയോഗത്തിനായി കൂണ്‍കൃഷി തുടങ്ങുക. രുചികരമായ രീതിയില്‍ പാചകം ചെയ്ത് പരിചയക്കാര്‍ക്ക് ടേസ്റ്റ് ചെയ്യാന്‍ കൊടുക്കാം. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ വിപണി വളര്‍ത്താം. സൂപ്പര്‍മാര്‍ക്കറ്റുകളിലും കൂണുകള്‍ വിതരണം ചെയ്യാം. താല്‍പ്പര്യമുള്ളവര്‍ക്ക് കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്ന് കൃണ്‍കൃഷിക്കുള്ള പരിശീലനം ലഭിക്കും.

ടെക്സ്‌റ്റൈല്‍ ഡിസൈനിങ്

100 രൂപ വിലയുള്ള പ്ലെയിന്‍ സാരി വാങ്ങി അതില്‍ 250 രൂപ വിലവരുന്ന സീക്വന്‍സുകളും മുത്തുകളും തൊങ്ങലുകളും ആകര്‍ഷകമായി തുന്നിച്ചേര്‍ത്താല്‍ 1,000-1,500 രൂപയ്ക്കുവരെ വില്‍ക്കാം. അല്‍പ്പം ഭാവനയുണ്ടെങ്കില്‍ ഏതാനും മാസത്തെ പരിശീലനം കൊണ്ട് ആര്‍ക്കും ടെക്സ്‌റ്റൈല്‍ ഡിസൈനറാകാം.ഇത്തരത്തില്‍ പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ബെഡ്ഷീറ്റുകളും പില്ലോ കവറുകളും വാങ്ങി അതില്‍ മനോഹരമായ ഡിസൈനുകള്‍ സൃഷ്ടിച്ചാല്‍ വിശേഷാവസരങ്ങളില്‍ പ്രദര്‍ശനമേളകള്‍ സംഘടിപ്പിച്ച് വിറ്റ് വരുമാനമുണ്ടാക്കാം.എന്തുതുടങ്ങിയാലും വളരെ ചെറിയ രീതിയില്‍ തുടങ്ങുക. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ വേണം തുടങ്ങേണ്ടത്. വിജയവും വിപണിയും ഉറപ്പാണ് എന്ന അവസ്ഥയിലെത്തുമ്പോള്‍ മാത്രം പടിപടിയായി ബിസിനസ് വലുതാക്കുക.

Related Articles

© 2024 Financial Views. All Rights Reserved