ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍

January 01, 2020 |
|
News

                  ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍

1. പ്ലാസ്റ്റിക് നിരോധനത്തിന് സാവകാശം ആവശ്യപ്പെട്ട് ഫിക്കിയും ബെയ്ക്കും. ആറുമാസമെങ്കിലും സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് സംഘടനകളും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്ലാസ്റ്റിക് സംരംഭകരുടെ നിലനില്‍പ്പും പകരം ഉല്‍പ്പന്നങ്ങള്‍ പ്രയോഗത്തില്‍വരുത്താനുമാണ് കാലാവധി ആവശ്യപ്പെട്ടിരിക്കുന്നത്.

2. ഒറ്റത്തവണ പ്ലാസ്റ്റികിന് ഇന്ന് മുതല്‍ സംസ്ഥാനത്ത് നിരോധം. വ്യക്തികളോ,സ്ഥാപനങ്ങളോ,കച്ചവടക്കാരോ ,വ്യവസായങ്ങളോ പ്ലാസ്റ്റിക് ഉപയോഗിക്കുകയോ,നിര്‍മിക്കുകയോ ചെയ്താല്‍ പിഴയടക്കമുള്ള ശിക്ഷ ഏര്‍പ്പെടുത്തും. കുടുംബശ്രീകള്‍ സംസ്ഥാനത്ത് 70000 തുണിസഞ്ചികള്‍ വരുന്ന ദിവസങ്ങളില്‍ വിപണിയിലിറക്കും

3. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വ്യോമയാനന ഇന്ധന സ്‌റ്റേഷന്‍ ലക്ഷദ്വീപിലെ അഗത്തിയില്‍ കമ്മീഷന്‍ ചെയ്തു. ഇന്ത്യന്‍ നേവി, പവന്‍ഹാന്‍സ്,കോസ്റ്റ്ഗാര്‍ഡ്,ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇനി മുതല്‍ ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ലക്ഷദ്വീപില്‍ റണ്‍വേ സ്ട്രിപ്പുള്ള ഏക വിമാനതാവളമാണ് അഗത്തി.

4. കേരള സംസ്ഥാന മൊബൈല്‍ വ്യാപാരി സമിതിയുടെ സംസ്ഥാന സമ്മേളനം ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി സി.കെ ജലീല്‍,സെക്രട്ടറിയായി സി വി ഇഖ്ബാലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

5. സൂക്ഷമ,ഇടത്തരം,മൈക്രോ സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ വിപണന സംവിധാനങ്ങള്‍ പരിചയപ്പെടുത്താന്‍ സ്‌മോള്‍ ഇന്റസ്ട്രീസ് ഡവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക സമ്പര്‍ക്ക പരിപാടിയാണ് ഇതിനായി സംഘടിപ്പിച്ചത്. ഓഹരിവിപണിയിലെ ലിസ്റ്റിങ്,സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജെം,സ്റ്റാന്റപ്പ് ഇന്ത്യ എന്നിവയെ കുറിച്ച് ബോധവത്കരണവും നടന്നു

6. രാജ്യത്തെ ധനകമ്മി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് ലക്ഷ്യത്തിന്റെ 114.8 ശതമാനത്തിലെത്തി. നവംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച്  8.07 ലക്ഷം കോടി രൂപയായാണ് ധനകമ്മി ഉയര്‍ന്നിരിക്കുന്നത്. സിജിഎ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.സാമ്പത്തിക വ്യവസ്ഥയ്ക്ക് വന്‍ വെല്ലുവിളിയായേക്കും.

7. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് അടച്ചുപൂട്ടിയ വിമാനകമ്പനി ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെട്ട് ഹിന്ദുജ ഗ്രൂപ്പ്. ജനുവരി 15ന് താല്‍പ്പര്യപത്രം സമര്‍പ്പിച്ചേക്കും. ഉചിതമായ പങ്കാളികളെയും ഹിന്ദുജ തേടുന്നുണ്ട്.നേരത്തെ നടന്ന ലേലത്തില്‍ യുഎസ് കമ്പനി സിനര്‍ജി ഗ്രൂപ്പ് മാത്രമായിരുന്നു താല്‍പ്പര്യപത്രം സമര്‍പ്പിച്ചിരുന്നത്.

8. ഓഹരി നിക്ഷേപകര്‍ക്ക് 2019 സമ്മാനിച്ചത് 11.05 ലക്ഷം കോടിരൂപയുടെ നേട്ടം. 2019ല്‍ ഓഹരി വിപണിയിലുണ്ടായ വന്‍ മുന്നേറ്റത്തിന്റെ ഫലമായാണ് നേട്ടം.യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും യുഎസ്-ചൈന വ്യാപാരതര്‍ക്കത്തിന്  ശക്തി കുറഞ്ഞതും ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് മികച്ച പ്രതീക്ഷ നല്‍കുന്നു.

 

 

Related Articles

© 2025 Financial Views. All Rights Reserved